റായ്‌പൂർ: ഗോമൂത്രം സംഭരിക്കാന്‍ പദ്ധതി ആരംഭിച്ച് ഛത്തീസ്ഗഡ്. പ്രാദേശിക ഉത്സവമായ ‘ഹരേലി’യോട് അനുബന്ധിച്ച് ലിറ്ററിന് നാല് രൂപ എന്ന നിരക്കിലാണ് ഗോമൂത്രം സർക്കാർ സംഭരിക്കാനൊരുങ്ങുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആണ് ‘ഗോധൻ ന്യായ് യോജന’യ്ക്ക് കീഴില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. പശുക്കളെ വളർത്തുന്നവർക്കും ജൈവ കർഷകർക്കും വരുമാനം നൽകാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് രണ്ട് വര്‍ഷം മുമ്പാണ് ‘ഗോധൻ ന്യായ് യോജന’ പദ്ധതി ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആരംഭിച്ചത്.
അഞ്ച് ലിറ്റര്‍ ഗോമൂത്രം 20 രൂപയ്ക്ക് ചന്ദ്ഖൂരിയിലെ നിധി സ്വയം സഹായ സംഘത്തിന് വിറ്റുകൊണ്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തന്നെ ആദ്യ വില്‍പ്പനക്കാരനായി. ഭൂപേഷ് ബാഗേലിന്റെ അഭ്യർത്ഥന പ്രകാരം നിധി സ്വയം സഹായ സംഘം ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. ഗ്രാമവാസികളിൽ കിലോയ്ക്ക് രണ്ട് രൂപ എന്ന നിരക്കില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ചാണകം വാങ്ങിയിരുന്നു.
അതേസമയം, ഗോമൂത്രം ലിറ്ററിന് നാല് രൂപയ്ക്ക് വാങ്ങുന്ന ആദ്യത്തെ സംസ്ഥാനമാകാനും ഛത്തീസ്ഗഡിന് സാധിച്ചു. ‘ഹരേലി’യോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ കാർഷിക ഉപകരണങ്ങളെ പൂജയും ഭൂപേഷ് ബാഗേൽ നടത്തി. പശുവിന് കാലിത്തീറ്റ നൽകി മുഖ്യമന്ത്രി തന്നെ ആരാധനയും നടത്തി. ചടങ്ങില്‍ സംസ്ഥാനത്തെ ജൈവ വളങ്ങൾ ഉൽപ്പാദിപ്പിക്കുന്ന 7442 വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള പ്രോത്സാഹന (ബോണസ്) തുകയായ 17 കോടി രൂപയും മുഖ്യമന്ത്രി വിതരണം ചെയ്തു.
Post Your Comments