ArticleLatest NewsNewsInternationalWriters' Corner

ഉത്തര കൊറിയൻ റിപ്പബ്ലിക്കിൽ നിന്ന് ഒളിച്ചോടിയ ഒരു കൗമാരക്കാരി: പാർക്ക് ഇയോൻമിയുടെ അസാധാരണ കഥ

ഉത്തര കൊറിയയെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന കിം ജോങ് ഉന്നിന്റെ വില്ലന്‍ പരിവേഷം വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമാണ്. പേടിപ്പെടുത്തുന്ന/അമ്പരപ്പിക്കുന്ന നിയമങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ രാജ്യം. കൂട്ടിലടയ്ക്കപ്പെട്ട കിളികളെപ്പോലെയാണ് ഇവിടുത്തെ ജനങ്ങളുടെ ജീവിതം. ഉത്തര കൊറിയയിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന അനേകം പേരുണ്ട്. ഇവരിൽ ചിലർ ശ്രമങ്ങൾ നടത്തി പരാജയപ്പെടും, മറ്റ് ചിലർ പിടിയിലാകും. അങ്ങനെ സംഭവിച്ചാൽ മരണമാണ് ശിക്ഷ.

എന്നാൽ, അതിശക്തമായ സുരക്ഷയുള്ള ഉത്തര കൊറിയയുടെ അതിർത്തികൾ കടന്ന് രക്ഷപ്പെട്ട ഒരു പെൺകുട്ടി ഉണ്ട്. അവളുടെ പേര്, പാർക്ക് ഇയോൻമി. അവളുടെ കഥ, വിജയത്തിന്റെ ഒരു കഥ കൂടിയാണ്. എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് കരുതിയ, ഇരുട്ടിനെ പോലും തോല്പിച്ച വിജയത്തിന്റെ കഥ. തിന്മയെ കീഴടക്കുന്ന നന്മയുടെ കഥയെന്ന് പറയാനാകില്ല, പക്ഷെ മനുഷ്യന്റെ അസാധാരണ മനഃശക്തി വിജയിച്ച കഥയെന്ന് പറയാം.

ഫിക്ഷൻ പോലെയാണ് അവളുടെ ജീവിത കഥ. പട്ടിണി അനുഭവിച്ച, സുഹൃത്തിന്റെ അമ്മയുടെ വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ച, സ്വന്തം പിതാവിനെ തടവിലാക്കിയപ്പോൾ നിസ്സാഹായയായി നിൽക്കേണ്ടി വന്ന, അമ്മയെ ബലാത്സംഗം ചെയ്യുന്നത് നേരിൽ കാണേണ്ടി വന്ന പാർക്ക് ഇയോൻമി. ഒരു ത്രില്ലർ സിനിമ കാണുന്നത് പോലെ ആകാംഷയുടെ മുൾമുനയിൽ ഇരുന്നേ നമുക്കവളുടെ കഥ അറിയാൻ കഴിയൂ.

ഉത്തര കൊറിയൻ ഭരണത്തിൻ കീഴിലുള്ള ജീവിതത്തിന്റെ വേദനാജനകമായ കഥകൾ അവൾ ലോകത്തിന് മുൻപിൽ തുറന്ന് വെച്ചപ്പോൾ, മനുഷ്യാവകാശ ഭാരവാഹികളുടെയും മാധ്യമപ്രവർത്തകരുടെയും മുഖം കണ്ണീരിനാൽ കുതിർന്നു. അവളുടെ വാക്കുകൾക്ക് മുന്നിൽ ഒരിറ്റ് കണ്ണീര് പോലുമില്ലാതെ ഇരിക്കണമെങ്കിൽ, അവർ പാറ പോലെ ഹൃദയമുള്ളവരായിരിക്കും. ഉത്തര കൊറിയയിൽ താൻ അനുഭവിച്ച ‘നരക’ ജീവിതത്തെ കുറിച്ച് അവൾ പറഞ്ഞ കഥയെന്ത്?

ഉത്തര കൊറിയയുടെ നികൃഷ്ടമായ ഭരണത്തിൻകീഴിൽ ജീവിച്ച് മടുത്ത്, പലായനം ചെയ്ത പാർക്ക് ഇയോൻമിയും അവളുടെ അമ്മയും സഹോദരിയും ഇന്നും ഒരു അത്ഭുതമാണ്. ഒളിച്ചോടിയപ്പോൾ അവൾക്ക് വെറും 13 വയസായിരുന്നു. അടിച്ചമർത്തലിന്റെ കൈകളിൽ കിടന്ന് ഞെരുങ്ങുന്നതിനേക്കാൾ നല്ലത് മരണമാണ് എന്ന് തിരിച്ചറിഞ്ഞാണ് അവൾ ആ സാഹസിക യാത്ര ആരംഭിച്ചത്.

ഉത്തര കൊറിയയിൽ വളർന്നുവന്നപ്പോൾ അവൾ നേരിട്ട അടിച്ചമർത്തലുകൾ തികച്ചും ‘സ്വാഭാവികമായിരുന്നു’. ഭരണകക്ഷിയായ വർക്കിംഗ് പാർട്ടിയിലെ സിവിൽ സർവീസിസ് ഉദ്യോഗസ്ഥന്റെ മകൾ ആയിരുന്നു അവൾ. പട്ടിണി കിടക്കുന്ന തന്റെ കുടുംബത്തെ പോറ്റാൻ ലോഹം കടത്തിയതിന് അവളുടെ പിതാവിനെ ലേബർ ക്യാമ്പിൽ 17 വർഷം തടവിന് വിധിച്ചു. പിതാവ് ആയിരുന്നു അവളുടെ ആരാധക പുരുഷൻ. തടവറയിൽ അദ്ദേഹം കഠിനമായി പീഡിപ്പിക്കപ്പെടുകയും പതിയെ രോഗബാധിതനായി തീരുകയും ചെയ്തു. അതിനിടയിൽ ഇയോൻമിയും അവളുടെ അമ്മയും സഹോദരിയും പിതാവിന്റെ ശിക്ഷയുടെ ഭാഗമായി സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് തരംതാഴ്ത്തപ്പെട്ടു.

പട്ടിണിയായിരുന്നു അപ്പോഴത്തെ പ്രധാന വില്ലൻ. കഴിക്കാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചില സമയങ്ങളിൽ പ്രാണികളെ പിടിച്ച് തിന്ന് അവളും സഹോദരിയും വിശപ്പ് മാറ്റി. മറ്റ് ചിലപ്പോൾ വെറും പുല്ല് മാത്രമായിരുന്നു ആശ്രയം. ഇത് മടുത്ത് ഒരിക്കൽ ഇയോൻമിയുടെ മൂത്ത സഹോദരി ഓടിപ്പോയി. അവളെ ഇയോൻമിയും അമ്മയും പിന്തുടർന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള പാതയായിരിക്കുമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ, അധഃപതനത്തിന്റെയും കഷ്ടപ്പാടുകളുടെയും മറ്റൊരു രണ്ട് വർഷത്തെ അധ്യായത്തിന്റെ ആരംഭമായിരുന്നു അത്. ഇതിനിടെ ഇയോൻമിക്ക് സഹോദരിയെ നഷ്ടമായി. ഇയോൻമിയും അമ്മയും ഒരു വഴിയേ സഞ്ചരിച്ചപ്പോൾ സഹോദരിയെ പാതി വഴിക്ക് വെച്ച് കാണാതായി.

ഉത്തര കൊറിയയിൽ നിന്നും ഇയോൻമിയും അമ്മയും കയറിച്ചെന്നത് ചൈനയിലേക്കായിരുന്നു. 2007 മാർച്ച് 31 ന്, പാർക്കും അമ്മയും തണുത്തുറഞ്ഞ യാലു നദി മുറിച്ചുകടന്ന് ചൈനയിലെത്തി. ചൈനീസ് ഉദ്യോഗസ്ഥരുടെ പിടിയിലാകാതിരിക്കാൻ അവർ ആവതും ശ്രമിച്ചു. കണ്ണിൽ പെട്ടാൽ, അവരെ തിരിച്ച് ഉത്തര കൊറിയയിലേക്ക് തന്നെ അയക്കും. ദൗർഭാഗ്യവശാൽ അവർ മനുഷ്യക്കടത്തുകാരുടെ കൈകളിൽ അകപ്പെട്ടു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ അധികാരികളെ അറിയിക്കുമെന്ന് കടത്തുകാരിൽ ഒരാൾ ഭീഷണിപ്പെടുത്തി. മകൾ ബലാത്സംഗം ചെയ്യപ്പെടാതിരിക്കാൻ അമ്മ സ്വയം ത്യാഗം ചെയ്തു. തുടർന്ന്, ഇയോൻമിയുടെ കണ്മുന്നിൽ വെച്ച് അമ്മ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി.

‘എന്റെ അമ്മ ബലാത്സംഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടു. അയാൾ ഒരു ചൈനീസ് ബ്രോക്കറായിരുന്നു. അവന്റെ മുഖം ഞാൻ ഒരിക്കലും മറക്കില്ല. ബലാത്സംഗം ചെയ്തയാൾ എന്നെ ലക്ഷ്യമിട്ടിരുന്നു. എനിക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് വേണ്ടിയാണ് അമ്മ ഇരയായത്’, അവൾ കണ്ണീരോടെ പറഞ്ഞു.

മനുഷ്യക്കടത്തുകാർ അവരെ രണ്ട് പേരെയും വിറ്റു. ലൈംഗിക അടിമകളായിട്ടായിരുന്നു പിന്നീടുള്ള ദിവസങ്ങൾ കഴിഞ്ഞത്. 260 ഡോളറിനാണ് ഇയോൻമിയെ വിറ്റത്. അവൾ അടിസ്ഥാനപരമായി ഒരു ലൈംഗിക അടിമയായി മാറി. ദിവസവും ബലാത്സംഗത്തിന് സാമാനം ക്രൂരതകൾ അനുഭവിച്ചു. എല്ലാ ദിവസവും കരച്ചിൽ മാത്രം ശരണം. പക്ഷെ, ഒടുവിൽ അവളെ വാങ്ങിയ ആൾ അവളെ വിട്ടയച്ചു. ശേഷം, ഇയോൻമി അമ്മയുടെ അടുക്കൽ തിരിച്ചെത്തി.

2007 ഒക്ടോബറിൽ, പാർക്കിന്റെ അമ്മ തന്റെ ഭർത്താവിനെ വിവരമറിയിക്കുകയും അദ്ദേഹത്തെ ചൈനയിലേക്ക് കടത്താൻ വേണ്ട ഏർപ്പാട് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന് വൻകുടലിൽ ക്യാൻസർ ബാധിച്ചിരുന്നു. 2008 ജനുവരിയിൽ പാർക്കിന്റെ പിതാവ് അന്തരിച്ചു. ചൈനയിൽ രഹസ്യമായി കഴിയുന്നതിനാൽ വിവരം ആരെയും അറിയിച്ചില്ല. ഇയോൻമി തന്നെ അച്ഛന്റെ സംസ്കാരം നടത്തി. അടുത്തുള്ള ഒരു പർവ്വതത്തിന്റെ മണ്ണിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം രഹസ്യമായി കുഴിച്ചിട്ടു.

ശേഷം അവളും അമ്മയും സ്വാതന്ത്ര്യത്തിനായി വീണ്ടും യാത്ര തിരിച്ചു. ഇത്തവണ ഗോബി മരുഭൂമിലെ കൊടും തണുപ്പിൽ കാൽനട ആയിട്ടായിരുന്നു അവരുടെ യാത്ര. അവർക്ക് വഴികാട്ടിയായി നിന്നത് നക്ഷത്രങ്ങളും നിലാവും മാത്രം. പിടിക്കപ്പെട്ടാൽ സ്വയരക്ഷയ്ക്കായി രണ്ട് പേരുടെയും കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. രക്ഷപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ, ആത്മഹത്യ ചെയ്യാം എന്നതായിരുന്നു അവരുടെ പദ്ധതി. 2009 ഫെബ്രുവരിയിൽ പതിനഞ്ചാം വയസ്സിൽ തുറമുഖ നഗരമായ ക്വിംഗ്‌ദാവോയിലെ ചൈനീസ്, കൊറിയൻ ക്രിസ്ത്യൻ മിഷനറിമാരുടെ സഹായത്തോടെ അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെ മംഗോളിയയിലെ ഗോബി മരുഭൂമിയിലൂടെയും തുടർന്ന് വിമാനത്തിൽ ദക്ഷിണ കൊറിയയിലേക്കും ഇരുവരും പലായനം ചെയ്തു. അവർ സ്വാതന്ത്ര്യം അറിഞ്ഞു.

2014 ഏപ്രിലിൽ, ദക്ഷിണ കൊറിയൻ നാഷണൽ ഇന്റലിജൻസ് സർവീസ് പാർക്കിനെ വിളിച്ച് ഏറെ സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യം അറിയിച്ചു. ‘നിങ്ങളുടെ സഹോദരി യൂൻമിയെ കണ്ടെത്തിയിരിക്കുന്നു’. ചൈന, തായ്‌ലൻഡ് വഴി യൂൻമി ഒടുവിൽ ദക്ഷിണ കൊറിയയിൽ എത്തിയിരുന്നു. പാർക്കും അവളുടെ അമ്മയും ഒടുവിൽ പാതിവഴിക്ക് വെച്ച് നഷ്ടമായി സഹോദരിയുമായി വീണ്ടുമൊന്നിച്ചു.

സൗത്ത് കൊറിയ അവർക്ക് സ്വപ്നമായിരുന്നു. സൗത്ത് കൊറിയയിലെ മണ്ണിൽ കാലെടുത്ത് വെയ്ക്കുമ്പോൾ ജീവൻ ഉണ്ടെന്ന് വിശ്വസിക്കാൻ പാർക്കിന് കഴിഞ്ഞിരുന്നില്ല. സ്വാതന്ത്ര്യം കിട്ടിയ ശേഷം, അവൾ ഉത്തര കൊറിയയിലെ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചു. അവളുടെ അതിസാഹസിക കഥ പുസ്തകമാക്കി. തന്റെ സഹ ഉത്തര കൊറിയക്കാരുടെ ദുരവസ്ഥയെക്കുറിച്ചും അവരോടുള്ള ആഗോള സമൂഹത്തിന്റെ ബാധ്യതയെക്കുറിച്ചും അവൾ സംസാരിച്ചു കൊണ്ടേയിരുന്നു.

‘ഈ ആളുകൾക്ക്, സ്വന്തം അവകാശങ്ങളെ കുറിച്ച് അറിയില്ല. അത് അവസാനിക്കണമെന്ന് ഞാൻ കരുതുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. നമ്മൾ പോരാടണം, പൊതുജനങ്ങളെ പഠിപ്പിക്കണം, അവരുടെ കഥ പറയണം, സ്വന്തം ആളുകളെ കൊല്ലുന്നത് നിർത്താൻ ഉത്തരകൊറിയയോട് ആവശ്യപ്പെടണം, അതിർത്തി കടന്നെത്തുന്ന അഭയാർത്ഥികളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാൻ കഴിയില്ലെന്ന് ചൈനയോട് പറയണം. അവർ യഥാർത്ഥത്തിൽ ഇതുവഴി ഒരു കുറ്റകൃത്യം ചെയ്യുന്നു, അവർ ഉത്തര കൊറിയയെ സഹായിക്കുകയും ഈ ആളുകളെ കൊല്ലാൻ കൂട്ട് നിൽക്കുകയും ചെയ്യുന്നു’, – പാർക്ക് ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

ഒരു രാജ്യത്തിന്റെ മുഴുവൻ കഷ്ടപ്പാടുകളും പുറംലോകം അവഗണിക്കുന്ന എന്ന വികാരമാണ് ഇയോൻമിയെ ആക്ടിവിസത്തിലേക്ക് കടക്കാൻ പ്രേരിപ്പിച്ചത്. തനിക്ക് ഇപ്പോഴും മനുഷ്യത്വത്തിൽ വിശ്വാസമുണ്ടെന്ന് ഇയോൻമി ആവർത്തിച്ച് കൊണ്ടിരുന്നു.

‘എനിക്ക് എഴുതാൻ ഇഷ്ടമാണ്, പക്ഷെ എന്റെ കഥ ഞാൻ പൂർത്തിയാക്കിയതാണ്. ഇനി സന്തോഷകരമായ ചില പുസ്തകങ്ങൾ എഴുതണം. ഉത്തര കൊറിയയിലെ കാടൻ രീതികൾ അവസാനിച്ചു എന്ന പുസ്തകം ഭാവിൽ എനിക്കെഴുതണം’, അവൾ പറയുന്നു.

shortlink

Post Your Comments


Back to top button