ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തു വരികയാണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എം.പിമാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നാടകീയ രംഗങ്ങൾ. നിലത്ത് കുത്തിയിരുന്ന് ഇ.ഡിക്കെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വിജയ് ചൗക്കിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡൽഹി പോലീസ് വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാഹുലിനൊപ്പം എം.പിമാരെയും അറസ്റ്റ് ചെയ്ത് നീക്കി. കെ.സി വേണുഗോപാൽ, മല്ലികാർജുന ഖാർഗെ, ബെന്നി ബഹനാൻ, വി കെ ശ്രീകണ്ഠൻ, ആന്റ്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
‘ഇന്ത്യ ഒരു പോലീസ് രാഷ്ട്രമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രാജാവാണ്’, അറസ്റ്റിലാകുന്നതിന് മുൻപ് പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞു. 30 മിനിറ്റോളം നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ കോൺഗ്രസ് എം.പിയെ പോലീസ് തടഞ്ഞുനിർത്തി, നേരത്തെ തടങ്കലിൽ വച്ചിരുന്ന മറ്റ് എംപിമാർക്കൊപ്പം ബസിൽ കയറ്റുകയായിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ് പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിജയ് ചൗക്കിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ, രാജ്ഘട്ടിൽ പ്രതിഷേധിക്കാൻ പോലീസ് അനുമതി നൽകിയില്ല. തുടര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
Post Your Comments