കൊച്ചി: യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡിജിറ്റൽ മാദ്ധ്യമങ്ങൾ വഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഡിജിറ്റൽ മാദ്ധ്യമങ്ങളും പൊതു ഇടങ്ങളാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയെ മോശമായി ചിത്രീകരിച്ച് സൂരജ് പാലാക്കാരൻ വീഡിയോ പ്രചരിപ്പിച്ചിരുന്നതാണ് കേസിനാധാരം. എറണാകുളം സൗത്ത് പോലീസാണ് യുവതിയുടെ പരാതിയെ തുടർന്ന് സൂരജ് പാലാക്കാരനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. കേസ് എടുത്തതോടെ സൂരജ് ഒളിവിൽ പോയിരുന്നു. തുടർന്നാണ്, മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. എന്നാൽ, പ്രതിക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ജാതിപ്പേര് വിളിച്ചതിന് എസ്‍.സി-എസ്‍.ടി അട്രോസിറ്റി ആക്ടും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിട്ടുള്ളത്. വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ യുവതി പരാതി നൽകിയിരുന്നു.
Post Your Comments