KeralaLatest NewsNews

ഭിന്നശേഷിക്കാരുടെ സംരംഭകത്വ താത്പര്യം വികസിപ്പിക്കാൻ പ്രത്യേക പരിശീലനം നൽകും

 

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സംരഭകത്വ താത്പര്യം വര്‍ദ്ധിപ്പിക്കാൻ ഉതകുന്ന പ്രത്യേക പരിശീലന, നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഭിന്നശേഷിക്കാരുടെ സവിശേഷ വാസനകൾ വികസിപ്പിക്കാനുള്ള സൗകര്യമൊരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്‌ക്) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങും (നിഷ്) ചേർന്നു നടപ്പാക്കുന്ന ഇന്നവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് (ഐ-വൈ.ഡബ്ല്യു.ഡി) പദ്ധതിയുമായി സഹകരിക്കുന്നതിനു കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

തൊഴിൽ, സംരംഭക മേഖലകളിലെ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മികച്ച സാധ്യത നൽകുന്നതാണു  (ഐ-വൈ.ഡബ്യൂ.ഡി) പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിയും സാങ്കേതിക വൈദഗ്ധ്യവും സമന്വയിപ്പിച്ചു നടപ്പാക്കുന്ന പദ്ധതി സർക്കാർ വിഭാവനം ചെയ്യുന്ന നവവൈജ്ഞാനിക സൃഷ്ടിയെന്ന ആശയത്തിലേക്കു വഴിതുറക്കുന്നതാണ്.

 

ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്കു നവീനവും നൂതനവുമായ ആശയങ്ങളിലും സംരംഭകത്വത്തിലും നേരിട്ടു പരിശീലനം നൽകുന്ന പദ്ധതിയാണ് ഇന്നവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്(ഐ-വൈ.ഡബ്ല്യു.ഡി). പദ്ധതിയുമായി ധാരണാപത്രം ഒപ്പുവച്ചതോടെ, കേരള സാങ്കേതിക സർവകലാശാലയ്ക്ക് (കെ.ടി.യു) കീഴിലുള്ള കോളജുകളിൽ നിന്നുള്ള വിദഗ്ധ ഉപദേഷ്ടാക്കൾ, അദ്ധ്യാപകര്‍ തുടങ്ങിയവരുടെ സേവനവും സാങ്കേതിക സഹായവും പദ്ധതിക്കു ലഭിക്കും. ധാരണാപത്രം ഒപ്പുവച്ച കോളജുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ബോധവത്ക്കരണ പരിപാടികളും പരിശീലനവും ഐ.വൈ.ഡബ്ല്യു.ഡി നൽകും. കെ.ടി.യുവിനു കീഴിലുള്ള 15 കോളജുകളുമായാണ് ഐ-വൈ.ഡബ്ല്യു.ഡി ധാരണാപത്രം ഒപ്പുവച്ചത്.

 

നിഷിലെ മാരി ഗോൾഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിഷ് എക്സിക്യൂട്ടിവ് ഡയറക്ടർ എം. അഞ്ജന അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഡയറക്ടർ ഡെയ്സി സെബാസ്റ്റ്യൻ, കെ.ടി.യു സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ബി. ജമുന, അഡ്വ. ഐ. സാജു, പ്രൊജക്ട് കോ-ഓർഡിനേറ്റർ അവനീഷ് തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button