ഹൈദരാബാദ്: രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് ബാധയുള്ളതായി സംശയം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് ഇയാൾ ഉള്ളത്. മങ്കിപോക്‌സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാൾ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. തെലങ്കാനയിൽ ആദ്യമായാണ് ഒരാൾക്ക് രോഗബാധ സംശയിക്കുന്നത്. ജൂലൈ 20 നായിരുന്നു ഇദ്ദേഹത്തിന് പനി ആരംഭിച്ചത്. മൂന്നാം ദിനം ശരീരത്തിൽ കുമിളകൾ പൊന്തി. ആറ് പേരാണ് ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടത്.
ഇവരാരും തന്നെ ഇതുവരെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. എങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചു. ഇയാൾ ഇന്ദിരാനഗർ കോളനിയിൽ നിന്നുള്ള 40കാരനാണെന്ന് അധികൃതർ അറിയിച്ചു. ജൂലൈ ആറിന് കുവൈറ്റിൽ നിന്നെത്തിയ ആളാണ് ഇദ്ദേഹം. മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ രോഗിയെ നല്ലകുണ്ടയിലുള്ള ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
മങ്കിപോക്‌സ് സംശയിക്കുന്നയാളുടെ സാമ്പിളുകൾ ശേഖരിച്ച് പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചുവെന്നാണ് പബ്ലിക് ഹെൽത്ത് ഡയറക്ടർ അറിയിക്കുന്നത്. പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആശുപത്രി അധികൃതർ.
Post Your Comments