MollywoodLatest NewsKeralaCinemaNewsEntertainment

‘പാൽക്കുപ്പി താഴെ വച്ച ഉടനെ സംഗീതം പഠിക്കാൻ പ്രിവിലേജ് കിട്ടിയ ആളുകൾക്ക് ഇതൊന്നും മനസിലായെന്ന് വരില്ല’: സുകന്യ കൃഷ്ണ

നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ചില കോണുകളിൽ നിന്ന് എതിർപ്പുകളും വിമർശനങ്ങളും ഉണ്ടായിരുന്നു. ഇതിനെതിരെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. ഇപ്പോഴിതാ, നഞ്ചിയമ്മയ്ക്ക് അവാർഡ് കിട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ച് ട്രാൻസ് വുമൺ സുകന്യ കൃഷ്ണ. പാൽക്കുപ്പി താഴെ വച്ച ഉടനെ സംഗീതം പഠിക്കാൻ പ്രിവിലേജ് കിട്ടിയ ആളുകൾക്ക് നഞ്ചിയമ്മയുടെ അവാർഡിന്റെ മഹത്വവും അവർക്ക് ജനങ്ങൾ നൽകുന്ന സ്നേഹവും എത്രത്തോളം മനസ്സിലാകുമെന്ന് തനിക്കറിയില്ലെന്ന് സുകന്യ പറയുന്നു.

‘നഞ്ചിയമ്മയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവാർഡ് ജനങ്ങൾ എന്നേ നൽകി കഴിഞ്ഞു, അവരുടെ സ്നേഹം. നാവ് കൊണ്ടും പാടാം, ഹൃദയം കൊണ്ടും പാടാം… ഹൃദയം കൊണ്ട് പാടുമ്പോൾ, ഹൃദയം കൊണ്ട് സ്വീകരിക്കപ്പെടും’, സുകന്യ ഫേസ്‌ബുക്കിൽ കുറിച്ചു.

സുകന്യ കൃഷ്ണയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇത് എഴുതണോ വേണ്ടയോ എന്ന് പല തവണ ആലോചിച്ചു. പലപ്പോഴും എന്തെങ്കിലും ഒരു അഭിപ്രായം രേഖപ്പെടുത്തുമ്പോൾ തിരിച്ച് കേൾക്കാറുള്ള ഒരു ചോദ്യമുണ്ട്, “ഇതൊക്കെ പറയാൻ നീ ആരാണ്?” ഒരു പൊതുവിഷയത്തിൽ അഭിപ്രായം പറയാൻ പ്രത്യേകം എന്തെങ്കിലും യോഗ്യത ഉണ്ടാവണം എന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങൾ അർഹിക്കുന്ന പുച്ഛത്തോടെ അവഗണിച്ച് കളയാറാണ് പതിവ്. എന്നാൽ ഇന്ന് അതേ ചോദ്യം മറ്റൊരാളോട് ചോദിക്കണം എന്ന് തോന്നി. ശ്രീമാൻ ലിനു ലാലിനോട്. അയാളോട് മാത്രമല്ല, അയാളുടെ അഭിപ്രായം പങ്കിടുന്നവരോടും…

നഞ്ചിയമ്മ ആരെന്ന് “അയ്യപ്പനും കോശിയും” സിനിമയിലെ പാട്ട് കേൾക്കുന്നത് വരെ എനിക്ക് അറിയില്ല. ഒരുപക്ഷേ അതുതന്നെയാണ് എല്ലാവരുടെയും കാര്യം എന്ന് കരുതുന്നു. അനശ്വര പ്രതിഭ സച്ചി അവരെ കണ്ടെത്തി ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു. ആയിടയ്ക്ക് നഞ്ചിയമ്മയോട് ചോദ്യങ്ങൾ ചോദിക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. “എനക്കറിയില്ല” എന്ന പ്രസിദ്ധമായ ഉത്തരമായിരുന്നു പല ചോദ്യങ്ങൾക്കും. അതേ, അവർ കാട്ടിൽ ജനിച്ച്, വളർന്ന, ജീവിച്ച ഒരു വ്യക്തിയാണ്. അവർക്ക് പലതും അറിയില്ല. (എല്ലാം അറിയുന്നവർ ലിനുവിനെ പോലെ കുറച്ച് പേർ മാത്രമല്ലേ ഭൂമിയിൽ ഉള്ളൂ… )സംസാരിച്ച് തുടങ്ങുമ്പോഴേ സംഗീതം പഠിപ്പിക്കാൻ ഓടുന്ന മാതാപിതാക്കൾ അവർക്കില്ലായിരുന്നു. സംഗീതം പഠിക്കുക എന്നത് ഒരുപക്ഷേ അവർക്ക് ഒരിക്കലും വിദൂര സ്വപ്നങ്ങളിൽ പോലും സാധ്യമാകാത്ത ഒരു കാര്യമാണ്. എന്നിട്ടും അവർ പാടി.

ആ പാട്ട് ജനങ്ങൾ ഏറ്റെടുത്തു. സംഗീതം എന്നത് ശ്രുതിയും, താളവും, ലയവും ഒക്കെയാണ് എന്ന് ചിന്തിക്കുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്. അതുകൊണ്ട് തന്നെ ഒരു ചെറിയ പിഴവ് കണ്ടെത്തിയാൽ പോലും “സംഗതി പോരാ…: എന്ന് അവർ പറഞ്ഞേക്കാം… പക്ഷേ, സാധാരണക്കാരന് മനസ്സിന് പിടിച്ച ഒരു പാട്ട് കേട്ടാൽ അവർ അതിനോട് താതാത്മ്യപ്പെടും, ഇഷ്ടപ്പെടും, ആഘോഷിക്കും… അതുകൊണ്ടാണ് അല്ലുപ്പന്റെ “കൊച്ചു പൂമ്പാറ്റ” പോലെ ഉള്ള പാട്ടുകൾ ഞങ്ങൾ ഹൃദയം കൊണ്ട് ഇഷ്ടപ്പെടുന്നത്. “കലക്കാത്ത” പോലെയൊരു പാട്ട് വല്ലപ്പോഴും ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ്. ദിവസവും നൂറ് കണക്കിന് പാട്ടുകൾ ശുദ്ധ സംഗീതത്തിന്റെ എല്ലാ ഫോർമുലകളും കൃത്യമായി പാലിച്ച് ഇറങ്ങുമ്പോഴും വളരെ കുറച്ച് മാത്രാമാണ് ശ്രദ്ധിക്കപ്പെടുന്നത്.

അത് ആരുടേയും തെറ്റല്ല. “ആസ്വാദനം” എന്നത് ഓരോരുത്തർക്കും ഓരോ തലത്തിലാണ്. ഒരു കലാസൃഷ്ടി പൂർത്തീകരിച്ച് അത് ജനങ്ങൾക്ക് കൊടുത്ത് മാറി നിൽക്കുക. പിന്നീട് ജനങ്ങൾ തീരുമാനിക്കട്ടെ അവരുടെ ആസ്വാദനതലം. അവാർഡുകളുടെ കാര്യവും അതുപോലെയാണ്… അവാർഡ് ജൂറി തീരുമാനിക്കട്ടെ ഏത് കലാസൃഷ്ടിക്ക്, വ്യക്തിക്ക് എന്നൊക്കെ. അതിനാണല്ലോ അവരെ നിയോഗിച്ചത്. നഞ്ചിയമ്മയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവാർഡ് ജനങ്ങൾ എന്നേ നൽകി കഴിഞ്ഞു, “അവരുടെ സ്നേഹം”. നാവ് കൊണ്ടും പാടാം, ഹൃദയം കൊണ്ടും പാടാം… ഹൃദയം കൊണ്ട് പാടുമ്പോൾ, ഹൃദയം കൊണ്ട് സ്വീകരിക്കപ്പെടും. ഇതൊക്കെ പാൽക്കുപ്പി താഴെ വച്ച ഉടനെ സംഗീതം പഠിക്കാൻ പ്രിവിലേജ് കിട്ടിയ ആളുകൾക്ക് എത്രത്തോളം മനസ്സിലാകും എന്നറിയില്ല. ജീവിതത്തിൽ എന്തെങ്കിലും പൊരുതി നേടിയവർക്ക് തീർച്ചയായും മനസ്സിലാകും..

shortlink

Related Articles

Post Your Comments

Related Articles


Back to top button