തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തം. വിമാനത്തിലെ സംഭവത്തിൽ പോലീസ് ഇരട്ട നീതിയാണ് കാണിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
വധശ്രമവും ഗൂഢാലോചനയുമടക്കം ഇ.പി ജയരാജനെതിരേ ചുമത്തിയിട്ടും കൂടുതല്‍ വിമാന വിലക്ക് വന്നിട്ടും തുടര്‍ നടപടിയില്ല. പകരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനോടും നവീനിനോടും വീണ്ടും ഹാജരാവാന്‍ പോലീസ് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ആക്ഷേപം.
ഈ മാസം 26, 27 തിയതികളില്‍ വലിയതുറ പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാനാണ് ഇ-മെയില്‍ വഴി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥയുണ്ടായിട്ടും അത് പരിഗണിക്കാതെയാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
26-ന് ഫര്‍സീന്‍ മജീദിനോടും 27-ന് നവീനിനോടും ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും ഹാജരാവുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Post Your Comments