കൊൽക്കത്ത: ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായിയായ മൊണാലിസ ദാസ് ഇ.ഡിയുടെ നിരീക്ഷണത്തിൽ. എസ്.എസ്.സി അഴിമതിക്കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ അസൻസോളിലെ കാസി നസ്രുൾ സർവകലാശാലയിലെ ബംഗ്ലാ പ്രൊഫസറായ മൊണാലിസ ദാസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇ.ഡിയുടെ റഡാറിന് കീഴിലുള്ള മറ്റൊരാൾ ഒരു മൊണാലിസയാണെന്നും അവരുടെ പേരിൽ 10 ഫ്ളാറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. മൊണാലിസ ബംഗ്ലാദേശുമായി ബന്ധം പുലർത്തുന്നുണ്ടെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായിയായ അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ ഇഡി കണ്ടെടുത്തതിന് പിന്നാലെയാണിത്. ശനിയാഴ്ചയാണ് അർപിത മുഖർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
അതേസമയം, ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെയും അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നടക്കുമ്പോൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയെ, ദക്ഷിണ കൊൽക്കത്തയിലെ വീട്ടിൽ വെച്ച് ഇ.ഡി ഉദ്യോഗസ്ഥർ 26 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
Post Your Comments