KeralaLatest NewsNews

പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലം തുടരും: ​ഹൈക്കോടതി

 

 

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ​ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി നാളെ മൂന്ന് മണിക്ക് വീണ്ടും പരിഗണിക്കും. അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.

പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച്ച വരെ നീട്ടണമെന്നായിരുന്നു ഹർജി. അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സി.ബി.എസ്.ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യതയെന്നും എന്നാൽ, നിര്‍ദ്ദേശങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല എന്നും അഭിഭാഷകന്‍ കോടതിയെ അ‌റിയിച്ചു.

അ‌തേസമയം, സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാർ കോടതി​യെ അ‌റിയിച്ചത്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണെന്നും ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ലെന്നും സർക്കാർ കോടതിയെ അ‌റിയിച്ചു.

ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button