Latest NewsIndia

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും: തെരുവിൽ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ സോണിയ ഇഡി ഓഫീസില്‍ ഹാജരാകും. ഇത് ആദ്യമായാണ് ഒരു അന്വേഷണ ഏജൻസി കോൺഗ്രസ് അദ്ധ്യക്ഷയെ ചോദ്യം ചെയ്യുന്നത്.

രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ നടത്തിയ പ്രതിഷേധത്തിന് സമാനമായി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുമ്പോഴും പാർട്ടി നേതാക്കൾ തെരുവിൽ ഇരുന്ന് പ്രതിഷേധിക്കും. പ്രതിഷേധം നടത്താൻ പാർട്ടി നേതൃത്വവും നിർദ്ദേശം നൽകിയിട്ടുണ്ട്.

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. രാഹുലിന്റെ ചോദ്യം ചെയ്യലിന് ശേഷം ഹാജരാകാനായിരുന്നു നിർദ്ദേശം. എന്നാൽ കൊറോണ ബാധിച്ച് ആശുപത്രിയിലാണെന്ന് സോണിയ അറിയിച്ചു. തുടർന്നാണ് നടപടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.

ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയായിരുന്നു. ഇതേസമയം കോണ്‍ഗ്രസ് എംപിമാര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. മറ്റ് പ്രതിപക്ഷപാര്‍ട്ടികളോട് സമരത്തെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡൽഹിയിലെ ഇഡി ഓഫീസിൽ വെച്ച് 5 ദിവസമെടുത്ത് 50 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button