തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എന്നു മുതലാണ് പശു ഭക്തി തുടങ്ങിയതെന്ന് ലീഗ് എംഎൽഎ എൻ. ഷംസുദ്ദീൻ. ധനകാര്യ ബില്ലിന്റെ ചർച്ചയിൽ സംസ്ഥാനത്തെ ധൂർത്തിനെപ്പറ്റി പറഞ്ഞു തുടങ്ങിയ ഷംസുദ്ദീൻ ചെന്നു നിന്നത് ക്ലിഫ് ഹൗസിലെ ഗോശാലയിലാണ്. പിണറായുടെ പശു ഭക്തി കേട്ടിട്ടില്ലെന്നും ഗുജറാത്തിലെ ഭരണ പരിഷ്കാരം പഠിക്കാൻ പോയതിന്റെ എഫക്ട് ആണോ എന്നുമായിരുന്നു പരിഹാസം.
സംസ്ഥാനത്ത് ധൂർത്തിന് ഒരു കുറവും ഇല്ല. മുടിയനായ പുത്രനെപ്പോലെയാണ് കേരളം എന്ന് ഒരു ധനകാര്യ ലേഖനത്തിൽ വായിച്ചിരുന്നു. ധനകാര്യ പ്രതിസന്ധിയിലും എത്രയോ തുക പാഴാക്കുന്നു. ക്ലിഫ് ഹൗസിൽ 50 ലക്ഷം രൂപ ചെലവഴിച്ച് ഗോശാല പണിയുന്നു. തൊഴുത്തിന് 50 ലക്ഷം വേണോ. ഗോമാതാവിനെ ആരാധിക്കുന്നതും വിശ്വസിക്കുന്നതും ഒക്കെ വിശ്വാസങ്ങളുടെയും ഇഷ്ടങ്ങളുടെയും ഭാഗമാണ്. അത് ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
ഉത്തർ പ്രദേശിലും ഗുജറാത്തിലും ഒക്കെ ഗോശാല വ്യാപിപ്പിക്കുന്നത് ബിജെപി നയമാണ് . ഗുജറാത്ത് ഭരണ പരിഷ്കാരം പഠിക്കാൻ പോയതിന്റെ എഫക്ട് ആണോ ഇതെന്നും ഷംസുദ്ദീൻ ചോദിച്ചു. പശുവുമായി മന്ത്രിമന്ദിരത്തിലേക്ക് പോയ മന്ത്രിമാരൊക്കെയുണ്ട്. എന്നാൽ ക്ലിഫ് ഹൗസിൽ ഇതുവരെ ഇല്ലാത്ത തൊഴുത്തും പശുവും ഒക്കെ എവിടെ നിന്നു വന്നെന്നും ഷംസുദ്ദീൻ ചോദിച്ചു . ഷംസുദ്ദീന്റെ സംശയം മാറ്റാൻ എത്തിയത് ധനമന്ത്രി കെ.എൻ. ബാലഗോപാലായിരുന്നു. പശുവിനെ നിങ്ങൾ ബിജെപിക്ക് വിട്ടുകൊടുത്തോ എന്നും പശുവിനെയും ദൈവങ്ങളെയും ഒന്നും അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ലെന്നും ബാലഗോപാൽ പറഞ്ഞു.
ക്ലിഫ് ഹൗസിൽ തൊഴുത്ത് ഇതാദ്യമായിട്ടല്ല. കെ. കരുണാകരന്റെ കാലത്തും ഉമ്മൻ ചാണ്ടിയുടെ കാലത്തും ഒക്കെ തൊഴുത്ത് ഉണ്ടായിരുന്നു. പശുവിനെ വളർത്തിയിരുന്നു. ഗോശാല എന്ന് പറയേണ്ടെന്ന് എരുത്തിൽ എന്നോ കാലിത്തൊഴുത്തോ എന്നു പറഞ്ഞാൽ മതിയെന്നും മന്ത്രിയുടെ ഉപദേശം. പശുവിനെ ഗോമാതാവ് എന്ന നിലയിൽ കാണേണ്ട. വളർത്തി പാൽ കറന്നെടുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രിയുടെ ഉപദേശം.
Post Your Comments