തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മ്മുവിനെ പിന്തുണയ്ക്കാന്‍ കേരളത്തിലെ ജനപ്രതിനിധികള്‍ തയ്യാറാകാത്തത് അവരുടെ വര്‍ണ്ണവെറി കൊണ്ടാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ബിജെപിയോടുള്ള വിരോധത്തിലുപരി കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് വര്‍ണ്ണവെറിയാണെന്നതിനുള്ള തെളിവാണ് മുന്‍ മന്ത്രി എം.എം മണിയെ കോണ്‍ഗ്രസ് ചിമ്പാന്‍സിയാക്കിയതെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാണിക്കുന്നു. മണിയെ ചിമ്പാന്‍സിയാക്കുന്ന കോണ്‍ഗ്രസ് മനസും, നാട്ടകം പോളിടെക്നിക് ഹോസ്റ്റലില്‍ ‘പുലയക്കുടില്‍’ സ്ഥാപിച്ച എസ്എഫ്ഐ മനസും രണ്ടല്ല, ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിജെപി വക്താവിന്റെ പ്രതികരണം.
എന്താണ് ഭാരതമെന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള അവസരമായാണ് ബിജെപി രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ ഉപയോഗിച്ചതെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഒരു രാഷ്ട്രത്തിനും ഇതുവരെ സാധിക്കാത്ത ഉന്നതമായ ജനാധിപത്യ മൂല്യം നടപ്പാക്കാന്‍ ഇതുമൂലം കഴിഞ്ഞു. അതുകൊണ്ടാണ് മിക്കപാര്‍ട്ടികളും മുര്‍മ്മുവിനെ പിന്തുണയ്ക്കാന്‍ തയ്യാറായത്. പക്ഷെ മലയാളികളായ എംപിമാരും എംഎല്‍എമാരും ‘വംശശുദ്ധി’ ഉയര്‍ത്തി പിടിച്ച് അടിമ വംശ ധര്‍മ്മം പാലിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധികള്‍ക്ക് ‘വിപ്പ്’ ബാധകമല്ല. അതായത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകളോ തിട്ടൂരങ്ങളോ ഭാരമാകാതെ സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നു എന്ന് സാരം. രാഷ്ട്രപതി എന്നത് കക്ഷിരാഷ്ട്രീയത്തിന് അതീതമായ പദവി ആകണമെന്ന നമ്മുടെ ഭരണഘടനാ ശില്‍പ്പികളുടെ ഉദാത്തമായ നിലപാടാണ് ഇതിന് കാരണം. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ പലപ്പോഴും ഇത് അട്ടിമറിക്കപ്പെട്ടു. ഇഷ്ടക്കാരായ രാഷ്ട്രീയക്കാരെ തിരുകി കയറ്റാനുള്ള സ്ഥലമായാണ് രാഷ്ട്രപതി ഭവനേയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. ഇതിന് മാറ്റമുണ്ടായത് ബിജെപി അധികാരത്തിലെത്തിയപ്പോള്‍ മാത്രമാണ്’.
‘എ.പി.ജെ അബ്ദുള്‍ കലാം, രാംനാഥ് കോവിന്ദ്, ദ്രൗപതി മുര്‍മ്മു മൂന്നു പേരേയും ബിജെപി പരിഗണിച്ചത് രാഷ്ട്രീയം നോക്കിയായിരുന്നില്ല. മുര്‍മ്മു രാഷ്ട്രീയക്കാരിയാണെങ്കിലും വനവാസി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചാണ് രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നത്. എന്താണ് ഭാരതം എന്ന് ലോകത്തോട് വിളിച്ചു പറയാനുള്ള അവസരമായാണ് ബിജെപി ഇതിനെ ഉപയോഗിച്ചത്. ലോകത്തിലെ ഒരു രാഷ്ട്രത്തിനും ഇതുവരെ സാധിക്കാത്ത ഉന്നതമായ ജനാധിപത്യ മൂല്യം നടപ്പാക്കാന്‍ ഇതുമൂലം നമ്മുക്കായി. അതുകൊണ്ടാണ് മിക്കപാര്‍ട്ടികളും മുര്‍മ്മുവിനെ പിന്തുണയ്ക്കാന്‍ തയ്യാറായത്’.
‘പക്ഷേ അപ്പോഴും മലയാളികളായ എം.പിമാരും എം.എല്‍.എമാരും ‘വംശശുദ്ധി’ ഉയര്‍ത്തി പിടിച്ച് അടിമ വംശ ധര്‍മ്മം പാലിച്ചു. അല്ലാതെ എന്ത് സ്വാതന്ത്ര്യം? എന്ത് ജനാധിപത്യം? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ നയിക്കാന്‍ ഏറ്റവും അവശ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് അവസരം കൈവരുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ അധമ മനസുള്ള രാഷ്ട്രീയക്കാര്‍ക്ക് മാത്രമേ സാധിക്കൂ. പിന്നാക്ക വിഭാഗക്കാരനായ കെ.ആര്‍ നാരായണനെ രാഷ്ട്രപതിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കുകയും 95% വോട്ടുകളോടെ നാരായണന്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതി ആവുകയും ചെയ്തു. ഇതാണ് ബിജെപിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ‘രാഷ്ട്രം ആദ്യം, പാര്‍ട്ടി പിന്നീട്, വ്യക്തി അവസാനം’ എന്നത് ബിജെപിക്ക് വെറും മുദ്രാവാക്യം മാത്രമല്ല. ജീവിത ദൗത്യമാണ്’.
‘ദ്രൗപതി മുര്‍മ്മുവിനെ പിന്തുണയ്ക്കാന്‍ കേരളത്തിലെ ജനപ്രതിനിധികള്‍ തയ്യാറാകാത്തത് അന്ധമായ ബിജെപി വിരോധത്തിലുമുപരി അവരുടെ വര്‍ണ്ണവെറി കൊണ്ടാണ്. എം.എം മണിയെ ചിമ്പാന്‍സിയാക്കുന്ന കോണ്‍ഗ്രസ് മനസും, നാട്ടകം പോളിടെക്നിക് ഹോസ്റ്റലില്‍ ‘പുലയക്കുടില്‍’ സ്ഥാപിച്ച എസ്.എഫ്.ഐ മനസും രണ്ടല്ല, ഒന്നാണ്. ”ശ്രീദേവിയില്‍ മനോരോഗിയെ ആരോപിക്കുമ്പോള്‍ യഥാര്‍ത്ഥ ചിത്തരോഗി സന്തോഷിക്കുകയാണ്.” എന്ന് മണിച്ചിത്രത്താഴിലെ ഡോ. സണ്ണി പറഞ്ഞത് പോലെ ബിജെപിയെ സവര്‍ണ്ണ പാര്‍ട്ടി എന്ന് അധിക്ഷേപിച്ച് ‘വംശശുദ്ധി രാഷ്ട്രീയം’ കളിക്കുന്ന ഇടത്-വലത് പാര്‍ട്ടികള്‍ നാടിന്റെ ശാപമാണ്. ഇത് തിരിച്ചറിയാന്‍ വൈകുന്ന ഓരോ നിമിഷവും മലയാളി ജാതിവെറിയുടെ കുപ്പത്തൊട്ടിലില്‍ തന്നെയാണ്’.
Post Your Comments