Latest NewsKeralaIndia

തിരുവനന്തപുരത്ത് നഗ്നനായി മോഷണം നടത്തിയ കള്ളന് എട്ടിന്റെ പണികൊടുത്ത് കടയുടമ: വീഡിയോ കാണാൻ തിരക്ക്

തിരുവനന്തപുരം: നഗ്നനായി മോഷ്ടിക്കാനിറങ്ങിയ കള്ളന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോയും പുറത്തുവിട്ട് കടയുടമ. ഉടുതുണിയില്ലാതെ മോഷണത്തിനെത്തിയ കള്ളനാണ് ഉടമ പണികൊടുത്തത്. എങ്ങനെയും കള്ളനെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമത്തിലാണ് കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ കള്‍ച്ചറല്‍ ഷോപ്പി എന്ന കരകൗശല വില്‍പ്പന സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. കള്ളന്റെ നഗ്ന ഫോട്ടോകള്‍ ഫ്‌ളക്സ് ബോര്‍ഡില്‍ പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ബോര്‍ഡിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ പുലര്‍ച്ചെയുള്ള മോഷണത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ക്ക് കാണാനുമാകും.

26-ാം തീയതിയാണ് കള്ളന്‍ കടയ്ക്കുള്ളില്‍ക്കടന്ന് മോഷണം നടത്തിയത്. വിലപിടിപ്പുള്ള ആറന്മുളക്കണ്ണാടികളിലും നെട്ടൂര്‍പെട്ടിയിലും ചെന്നപട്ടണം കളിപ്പാട്ടങ്ങളിലും കള്ളന് താത്പര്യം തോന്നിയില്ല. ഇന്‍വെര്‍ട്ടറും യു.പി.എസും എടുത്തുകൊണ്ടാണ് ഇയാള്‍ സ്ഥലംവിട്ടത്. ഇതിനിടയില്‍ തുമ്മാനായി തലയില്‍ക്കെട്ട് അഴിച്ചപ്പോള്‍ നരച്ച താടി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞു. ഇതോടെ കള്ളന്റെ മുഖം വ്യക്തമാകുന്ന നിരവധി വീഡിയോ ചിത്രങ്ങള്‍ ക്യാമറയില്‍ ലഭിച്ചു.

നഗ്‌നദൃശ്യങ്ങള്‍ നാട്ടുകാര്‍ കണ്ടതറിഞ്ഞ് നാണംകെട്ട് കള്ളന്‍ കീഴടങ്ങുമോയെന്ന് കാത്തിരിക്കുകയാണ് ഇവര്‍. മ്യൂസിയം പോലീസില്‍ അടുത്തദിവസം പരാതി നല്‍കി. മൂന്നാഴ്ച കഴിഞ്ഞിട്ടും കള്ളനെ പിടികൂടാനായിട്ടില്ല. കള്ളനെ തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ് വച്ച് വീഡിയോ പരസ്യമാക്കിയതെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ രഞ്ജിത്, കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് എന്നിവര്‍ പറഞ്ഞു. സ്ഥാപനത്തിന്റെ വെബ്സൈറ്റിലും കള്ളന്റെ വീഡിയോ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button