പാലക്കാട്: തൊണ്ടിമുതൽ മോഷണ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത് സാഹചര്യത്തില്‍ പരിഹാസവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. ആന്റണി രാജു രാജിവെയ്ക്കുമ്പോള്‍ ഉയോഗിക്കാനുള്ള ‘ക്യാപ്സ്യൂള്‍’ പങ്കുവെച്ച് കൊണ്ടാണ് ബല്‍റാമിന്റെ പരിഹാസം. വേറൊന്നിന്റെയും പേരിലല്ലല്ലോ, ജട്ടി കട്ടതിനല്ലേ! അഭിമാനിക്കുന്നു സഖാവേ നിങ്ങളെയോർത്ത്… എന്ന ക്യാപ്സ്യൂള്‍ മന്ത്രി രാജി വെയ്ക്കുമ്പോൾ സഖാക്കൾക്ക് ഉപയോഗിക്കാമെന്ന് മുന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിലെ രേഖകളാണ് പുറത്ത് വന്നിട്ടുള്ളത്. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചത്. 16 വർഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയില്‍ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസില്‍ ആന്റണി രാജു ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ലെന്ന് മാധ്യമപ്രവര്ത്തകന് അനില്‍ ഇമ്മാനുവല്‍ ആരോപിച്ചിരുന്നു. തുടർന്നാണ് കേസിന്റെ ഗതി മാറിമറിഞ്ഞത്.
1990ൽ അടിവസ്ത്രത്തില്‍ ഹാഷിഷുമായി സാല്‍വദോര്‍ സാര്‍ലി എന്ന ഓസ്ട്രേലിയന്‍ സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു. ഈ വിദേശിയെ കേസില്‍ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂരിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് ആരോപണം. എന്നാൽ, ആന്റണി രാജു പ്രതിയായ കേസ് 22 പ്രാവശ്യം പരിഗണിച്ച് മാറ്റിവച്ചു. തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും, കേസില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments