Latest NewsKeralaNews

അഞ്ച് ജില്ലകളിൽ മാർക്കറ്റിംഗ് ഔട്ട്‌ലറ്റുകൾ: ആഭ്യന്തര മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്

 

 

തിരുവനന്തപുരം: ഉൾനാടൻ മത്സ്യ ഉത്പ്പാദനം വ്യാപിപ്പിക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അത്യാധുനിക മാർക്കറ്റിംഗ് ഔട്ട്‌ലറ്റുകൾ സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിനാണ് ആലോചന. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ അടങ്കൽ തുക വരുന്ന 30 മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകളാണ് ഉദ്ദേശിക്കുന്നത്. ഉൾനാടൻ മത്സ്യങ്ങളെ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച് സർക്കാർ സ്ഥാപനമായ ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ (അഡാക്ക്) വഴി ഇത്തരം കേന്ദ്രങ്ങളിലൂടെ വിൽപന നടത്തും.

ഉൾനാടൻ മേഖലയിൽ മത്സ്യ കൃഷിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഒരു കേന്ദ്രീകൃത വിപണന സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡാക്കുമായി സഹകരിച്ച് മാർക്കറ്റിംഗ് ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നത്. കർഷകരിൽ നിന്ന് നിശ്ചിത തുക നൽകി വാങ്ങുന്ന മത്സ്യങ്ങൾക്കൊപ്പം അഡാക്കിന്റെ ഫാമുകളിൽ ഉത്പ്പാദിപ്പിക്കുന്ന മത്സ്യങ്ങളും മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകളിൽ വിൽക്കും. ലൈവ് ഫിഷ് മാർക്കറ്റിംഗ് യൂണിറ്റ്, ഫ്രഷ് ഫിഷ് സെയിൽ തുടങ്ങിയവ മാർക്കറ്റിംഗ് ഔട്ട്‌ലറ്റുകളുടെ ഭാഗമായുണ്ടാകും. ജില്ലാ തലത്തിൽ വിവരങ്ങൾ ശേഖരിച്ചാണ് അഡാക്ക് മത്സ്യകർഷകരെ കണ്ടെത്തുന്നത്. 10 ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളുള്ള സംസ്ഥാനത്തിന്റെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനും അന്യസംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മത്സ്യങ്ങൾ വിപണിയിലെത്തുന്നത് തടയാനും ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്.

മാർക്കറ്റിംഗ് ഔട്ട്‌ലറ്റുകളെ കൂടാതെ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ലാക്ക് മത്സ്യ കൃഷി, റിസർവോയറുകളിലെ കൂടു മത്സ്യ കൃഷി പദ്ധതികളും ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 16 കോടി രൂപ ബാണാസുരസാഗർ, കാരാപ്പുഴ, പെരുവണ്ണാമൂഴി, കക്കി റിസർവോയറുകളിൽ മത്സ്യ കൃഷിക്കായി ചെലവഴിക്കുന്നു. 2022-2023 സാമ്പത്തിക വർഷത്തിൽ മത്സ്യ കൃഷി വികസന പ്രവർത്തനങ്ങൾക്കായി 66.62 കോടിയും പിന്നാമ്പുറ വിത്തുത്പ്പാദന യൂണിറ്റുകൾക്കായി അഞ്ച് കോടി രൂപയും വകയിരുത്തി.

സ്വകാര്യ സംരംഭങ്ങൾക്കും വ്യക്തികൾക്കും മത്സ്യ കൃഷി ആരംഭിക്കുന്നതിനായി സർക്കാർ സഹായം ലഭിക്കും. കൃഷി രീതിക്ക് അനുസൃതമായി യൂണിറ്റ് ചെലവിന്റെ 40ശതമാനം ധനസഹായം അനുവദിക്കുന്നു. മുൻ വർഷങ്ങളിൽ സ്ഥാപിച്ച യൂണിറ്റുകൾക്ക് പ്രവർത്തന ചെലവിന്റെ 20 ശതമാനവും ധനസഹായമായി നൽകുന്നു. മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഫാമുകളിലും ഹാച്ചറികളിലും മത്സ്യവിത്തുകൾ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. കൂടാതെ അഡാക്ക് വഴിയും വിത്തുകൾ വിതരണം ചെയ്യുന്നു. ഇവിടെ നിന്ന് മിതമായ നിരക്കിൽ മത്സ്യ തീറ്റയും കർഷകർക്ക് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button