ലഖ്നൗ: പുതിയതായി ഉദ്ഘാടനം ചെയ്ത ഉത്തർപ്രദേശിലെ ലുലുമാളിൽ പരസ്യമായി നിസ്കാരം ചെയ്തതിനെതിരെ കേസ്. ലുലു അധികൃതരും കൂടാതെ ചില സംഘടനകളും സംഭവത്തിൽ പരാതി നൽകിയിരുന്നു. ലഖ്നൗ ലുലു മാൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള മതപരമായ ജോലികളും പ്രാർത്ഥനകളും അനുവദനീയമല്ലെന്നും ഒരു കൂട്ടം ആളുകൾ നമസ്കരിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് അധികൃതർ അറിയിച്ചു.
നമാസ് അർപ്പിക്കുന്നവർ മാൾ ജീവനക്കാരാണെന്ന് അവകാശപ്പെടുമ്പോൾ, മാൾ ഫ്ലോർ സ്റ്റാഫും സെക്യൂരിറ്റി സ്റ്റാഫും ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പരിശീലനം നേടിയിട്ടുണ്ടെന്ന് മാളിന്റെ ജനറൽ മാനേജർ സമീർ വർമ പറഞ്ഞു. വീഡിയോ വൈറലായതിനെ തുടർന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭയിലെ ചില അംഗങ്ങൾ മാളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതോടെയാണ് സംഭവം വിവാദമായത്.
‘ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള ആളുകൾക്ക് മാളിനുള്ളിൽ നമസ്കരിക്കാൻ അനുവാദമുണ്ട്. അങ്ങനെയെങ്കിൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരെയും പ്രാർത്ഥന നടത്താൻ മാൾ അധികൃതർ അനുവദിക്കണം,’ മഹാസഭയുടെ ദേശീയ വക്താവായി സ്വയം പരിചയപ്പെടുത്തിയ ശിശിർ ചതുർവേദി പിടിഐയോട് പറഞ്ഞു.
വ്യാഴാഴ്ച തങ്ങളെ മാളിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവം വിവാദമായതോടെയാണ് ലുലു അധികൃതർ പരാതിയുമായി രംഗത്തെത്തിയത്. മാളിൽ നിസ്കരിച്ചവരെ തങ്ങൾക്കറിയില്ലെന്നും അവർ ലുലുവിൽ ജോലി ചെയ്യുന്നവരല്ലെന്നും അധികൃതർ പരാതിയിൽ വ്യക്തമാക്കി.
Post Your Comments