ലഖ്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിരന്തരം വിമർശിക്കുന്ന ഒരാളാണ് ടി എൻ പ്രതാപൻ എംപി. ഉത്തർ പ്രദേശിലെ പല പ്രാദേശിക വാർത്തകളും പ്രതാപൻ ഫേസ്‌ബുക്ക് പോസ്റ്റിൽ എടുത്തിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ പ്രതാപന്റെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു തൊഴുകൈകളോടെ അടുത്ത് ചെന്ന് സംസാരിക്കുന്ന പ്രതാപനെ ആണ് ഈ വീഡിയോയിൽ കാണാനാവുന്നത്. ലുലു മാളിന്റെ ഉത്തർപ്രദേശിലെ ഉദ്‌ഘാടന ചടങ്ങിനിടെയാണ് സംഭവം എന്നാണു സൂചന. തൊട്ടടുത്ത് എം എ യൂസഫ് അലിയും ഉണ്ടായിരുന്നു. അദ്ദേഹം പ്രതാപനെ പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. അതേസമയം, ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ആണ് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
video courtesy : whatsapp
ഉദ്ഘാടനം നടത്തിയത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. 2000 കോടി രൂപ ചിലവിൽ നിർമ്മിച്ച മാളിന്റെ ഉദ്ഘാടനത്തിനുശേഷം യൂസഫലി ഓടിച്ച ഗോള്‍ഫ് കാര്‍ട്ടില്‍ കയറി മെഗാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ഫാമിലി എന്റര്‍ടൈന്‍മെന്റ് സോണുമുള്‍പ്പെടെയുളള മാളിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ സന്ദര്‍ശിച്ച് ഒരുമണിക്കൂറോളം മാളില്‍ ചിലവിട്ടാണ് യോഗി ആദിത്യനാഥ് മടങ്ങിയത്. യോഗി ആദിത്യനാഥിനൊപ്പം നിയമസഭാ സ്പീക്കര്‍ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, വ്യവസായ മന്ത്രി നന്ദ് ഗോപാല്‍ ഗുപ്ത തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ലക്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ലുലു മാള്‍ നിർമ്മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായുളള മാളില്‍ രണ്ടര ലക്ഷം ചതുരശ്ര അടിയുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് പ്രധാന ആകര്‍ഷണം. ലുലു ഫാഷന്‍, ഫണ്ടുര, ലുലു കണക്ട്, മുന്നൂറിലധികം രാജ്യാന്തര-ദേശീയ ബ്രാന്‍ഡുകള്‍, തിയറ്ററുകള്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളും യുപിയിലെ ലുലു മാളിലുണ്ട്. മുവായിരത്തിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യമാണ് മാളിന്റെ മറ്റൊരു പ്രത്യേകത. നിലവില്‍ കേരളത്തിലും കര്‍ണാടകയിലും യുപിയിലുമാണ് ലുലു മാളുകളുളളത്.
Post Your Comments