News

‘കരിയറോ അതോ കുഞ്ഞോ എന്ന് തിരഞ്ഞെടുക്കാൻ അമ്മയോട് ആവശ്യപ്പെടരുത്’: ബോംബെ ഹൈക്കോടതി

മുംബൈ: സ്വന്തം കരിയറോ അതോ കുഞ്ഞോ എന്നു തെരഞ്ഞെടുക്കാൻ ഒരമ്മയോട് ആവശ്യപ്പെടാൻ സാധ്യമല്ലെന്ന് ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാൻ അനുമതി നൽകാതിരുന്ന കുടുംബ കോടതി വിധി റദ്ദ് ചെയ്തു കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഈ പ്രഖ്യാപനം. ജസ്റ്റിസ് ഭാരതി ഡാംഗ്രേയുടെ സിംഗിൾ ജഡ്ജ് ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

പോളണ്ടിൽ ജോലി ചെയ്യുന്ന യുവതി, തന്റെ ഒൻപതു വയസ്സുകാരിയായ മകളുമായി അവിടേക്ക് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് കോടതിയിൽ ഹർജി നൽകി. എന്നാൽ, ഭർത്താവ് ഇതിനെ എതിർക്കുകയായിരുന്നു. മകളെ എന്നെന്നേയ്ക്കുമായി തന്നിൽ നിന്നകറ്റാനാണ് ഭാര്യ ശ്രമിക്കുന്നതെന്നും, ഈ മാറിത്താമസിക്കലിന്റെ ഉദ്ദേശം തന്നെ അതാണെന്നും ഭർത്താവ് കുടുംബ കോടതിയിൽ വാദിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകർ, പോളണ്ടിന് സമീപം നടക്കുന്ന റഷ്യ- ഉക്രൈൻ യുദ്ധം പോലും കുഞ്ഞിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചു. ഇതോടെ, കുടുംബ കോടതി യുവതിയുടെ അപേക്ഷ തള്ളുകയായിരുന്നു.

Also read: ഉദ്ധവ് ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ നിർബന്ധിതനായതാണ് : യശ്വന്ത് സിൻഹ

ഇത് ചോദ്യം ചെയ്തു കൊണ്ട് യുവതി സമീപിച്ചപ്പോഴാണ് ബോംബെ ഹൈക്കോടതി യുവതിയ്‌ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. ഒരമ്മയോട് തന്റെ കരിയറും കുഞ്ഞും ചൂണ്ടിക്കാട്ടി രണ്ടിലൊന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കുട്ടിയെ ഇതുവരെ ഒറ്റയ്ക്ക് വളർത്തിക്കൊണ്ടുവന്നത് അമ്മയാണെന്നും, സർവോപരി ഒൻപതു വയസ്സുള്ള മകൾക്ക് ഈ പ്രായത്തിൽ അമ്മയുടെ സാമീപ്യമാണ് ആവശ്യമെന്നും കോടതി നിരീക്ഷിച്ചു. വിദേശ രാജ്യത്ത് വളരുന്നത് കുട്ടിയുടെ കാഴ്ചപ്പാട് വളർത്താൻ ഉപകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button