കൊച്ചി: കൊച്ചിയിലെ 187 സ്വകാര്യ ബസ്സുകൾക്കെതിരെ വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ കേസെടുത്തു. പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ബസ്സുകൾക്കെതിരെ നടപടിയെടുത്തത്. ഓപ്പറേഷൻ സിറ്റി റൈഡ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്നാണ് ഇന്നലെ പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒരുമണിക്കൂർ നീണ്ട് നിന്ന പരിശോധനയാണ് നടത്തിയത്. ഈ പരിശോധനയിലാണ് 187 സ്വകാര്യ ബസുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്.
കണ്ടക്ടർ ലൈസൻസില്ലാതെ സർവീസ് നടത്തിയിരുന്ന 60 സ്വകാര്യ ബസുകൾ, യൂണിഫോമില്ലാതെ ജീവനക്കാർ സർവീസ് നടത്തിയിരുന്ന 30 ബസുകൾ, മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്ന 27 ബസുകൾ എന്നിങ്ങനെ 187 സ്വകാര്യ ബസ്സുകൾക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ സ്വകാര്യ ബസിനുള്ളിൽ മാരകായുധങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വ്യാപക പരാതി ഉയർന്നിരുന്നു. മിന്നൽ പരിധോധന വരും ദിവസങ്ങളിലും തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Post Your Comments