മുംബൈ: മഹാരാഷ്‌ട്രയിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള ശിവസേനയുടെ ഭാവി സുരക്ഷിതമെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് പക്ഷത്തുനിന്ന് വൻതോതിൽ യുവ നേതാക്കൾ മറുകണ്ടം ചാടുന്നു. ശിവസേനയുടെ യുവവിഭാഗം നേതാവ് വികാസ് ഗോഗാവാലെയുടെ നേതൃത്വത്തിൽ അമ്പതിലേറെ യുവ നേതാക്കൾ ഷിൻഡേ പക്ഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ശിവസേനയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഉദ്ധവ് പക്ഷക്കാരായ നിരവധി പേരാണ് ഘട്ടംഘട്ടമായി ഷിൻഡേ പക്ഷത്തേക്ക് കൂറുമാറുന്നത്.
ശിവസേനാ ഔദ്യോഗിക വക്താവും മുൻ മുംബൈ നഗരത്തിന്റെ കോർപറേറ്ററുമായിരുന്ന ശീതൾ മാത്താരേയും ചില സുപ്രധാന പ്രാദേശിക നേതാക്കളും ഷിൻഡേ പക്ഷത്തേയ്‌ക്ക് ഇന്നലെ എത്തിയിരുന്നു. ഉദ്ധവ് താക്കറെ പക്ഷത്തുളള നിരവധി നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് ഷിൻഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ 18 എംപിമാരിൽ 12 പേരും ഷിൻഡെ ക്യാമ്പിലേക്ക് ചേരാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായി.
ഇന്ന് ഗുരുപൂർണ്ണിമയുടെ വിശേഷ അവസരത്തിൽ ഷിൻഡെയ്‌ക്കൊപ്പം ഔദ്യോഗികമായി ചേരുമെന്നാണ് വികാസ് അറിയിക്കുന്നത്. അദ്ദേഹത്തിന്റെയൊപ്പം 50 യുവനേതാക്കൾ ഷിൻഡെയ്‌ക്കൊപ്പം ചേരുമെന്നാണ് സൂചന. വികാസിന്റെ പിതാവ് ഭരത് ഗോഗാവാലേ നിലവിൽ ഷിൻഡെ ഭരണകക്ഷിയുടെ ചീഫ് വിപ്പ് പദവി വഹിക്കുന്ന വ്യക്തിയാണ്.
Post Your Comments