കൊച്ചി: ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നിൽ നമസ്കാരം പറഞ്ഞ് നിൽക്കുന്ന ടി.എൻ പ്രതാപൻ എം.പിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പ്രതാപനെ പരിഹസിച്ച് അഡ്വ. ബി. ഗോപാലകൃഷ്ണൻ അടക്കമുള്ളവർ രംഗത്ത്. ത്രിശൂര് കിടന്ന് ഷോ കാണിക്കുമെങ്കിലും യു.പിയിൽ ഒക്കെ ചെന്നാൽ വിനീത വിധേയൻ ആയി നിൽക്കുമെന്ന് പ്രതാപന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. ലുലു ഗ്രൂപ്പിൻ്റെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ കഴിഞ്ഞ ദിവസമാണ് തുറന്നത്. ഈ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ടി.എൻ പ്രതാപൻ എന്നാണ് റിപ്പോർട്ട്.
2,000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മാൾ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഓടിച്ച ഗോൾഫ് കാർട്ടിൽ കയറി മാൾ ചുറ്റിക്കണ്ടു. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്‌നൗ വിമാനത്താവളത്തിനടുത്താണ് രണ്ട് നിലകളിലായുള്ള ലുലു മാൾ. നിലവിൽ കേരളത്തിലും കർണ്ണാടകയിലുമാടി നാല് ഷോപ്പിംഗ് മാളുകളാണ് രാജ്യത്ത് ലുലു ഗ്രൂപ്പിനുള്ളത്.
ഗോൾഫ് സിറ്റിയിലെ അമർ ഷഹീദ് പാതയിൽ സ്ഥിതി ചെയ്യുന്ന ലുലു മാൾ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡുകളുമായാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. 1600 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന വിപുലമായ ഫുഡ് കോര്‍ട്ടും മാളിൽ ഒരുക്കിയിട്ടുണ്ട്. 2.2 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ലുലു മാളിൽ 3000-ത്തോളം വാഹനങ്ങൾ പാര്‍ക്ക് ചെയ്യാൻ സാധിക്കുമെന്നും 11 സ്ക്രീനുകൾ അടങ്ങിയ പിവിആര്‍ സൂപ്പര്‍പ്ലെക്സ് വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.
Post Your Comments