Latest NewsNewsInternational

ആദ്യ I2U2 വെര്‍ച്വല്‍ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

വ്യാപാര-സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ വെര്‍ച്വല്‍ മീറ്റ് സംഘടിപ്പിക്കുന്നു

ന്യൂഡല്‍ഹി: വ്യാപാര-സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ വെര്‍ച്വല്‍ മീറ്റ് സംഘടിപ്പിക്കുന്നു. I2U2 എന്ന പേരില്‍ ആദ്യമായാണ് ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പുറമെ ഇസ്രയേല്‍, യുഎഇ, യു.എസ് എന്നീ രാഷ്ട്രങ്ങളാണ് പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേല്‍ പ്രധാനമന്ത്രി യെയര്‍ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ വ്യാഴാഴ്ച നടക്കുന്ന I2U2 വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

നാല് ലോക നേതാക്കള്‍ വ്യാഴാഴ്ച ആദ്യ I2U2 ഉച്ചകോടിയില്‍ യോഗം ചേരുമ്പോള്‍, വ്യാപാരത്തിലും നിക്ഷേപത്തിലും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത പദ്ധതികളും വഴികളും ചര്‍ച്ച ചെയ്യപ്പെടും.

‘ I2U2 ന്റെ ചട്ടക്കൂടിനുള്ളില്‍ വ്യാപാരത്തിലും നിക്ഷേപത്തിലും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യും’, വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

I2U2 ഉച്ചകോടിയിലെ നേതാക്കള്‍ ആഗോള ഭക്ഷ്യ-ഊര്‍ജ പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും കഴിഞ്ഞ ഒക്ടോബറില്‍ നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ ഹൈബ്രിഡ് മീറ്റിംഗില്‍ രൂപപ്പെടുത്തിയ ഗ്രൂപ്പിന്റെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും കൂടുതല്‍ രൂപം നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജലം, ഊര്‍ജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ പരസ്പരം തിരിച്ചറിഞ്ഞ ആറ് മേഖലകളില്‍ സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് ‘I2U2’ ലക്ഷ്യമിടുന്നത്.

 

shortlink

Post Your Comments


Back to top button