തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുൻ മന്ത്രി പി കെ ശ്രീമതിക്കും എതിരെ പോലീസിൽ പരാതി. ഇരുവർക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചറ നവാസാണ് കന്റോണ്മെന്റ് പോലീസിനെ സമീപിച്ചത്.
എകെജി സെന്ററിന് നേരേ എറിഞ്ഞത് ബോംബാണെന്ന ഇ പി ജയരാജന്റെ പ്രസ്താവനക്ക് പിന്നാലെ സിപിഎം- ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു. വലിയ ശബ്ദം കേട്ടെന്നും താൻ ഞെട്ടിപ്പോയെന്നുമായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.
എന്നാൽ, ഫോറൻസിക് പരിശോധനയിൽ, പൊട്ടിയത് ബോംബല്ലെന്നും ഏറുപടക്കമാണെന്നും വ്യക്തമാകുകയായിരുന്നു. അതേസമയം പടക്കമെറിഞ്ഞവരെ പിടികൂടാൻ ഇനിയും പോലീസിന് സാധിച്ചിട്ടില്ല. എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞ പ്രതിയെ ഇതുവരെ പിടികൂടാത്തതിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇ പി ജയരാജൻ സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കൂടാൻ ആയില്ലലോ എന്നാണ് നേരത്തെ ചോദിച്ചത്.
സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പലരും മാറി ഭരിച്ചിട്ടും പിടിച്ചോ?എന്നാണ് ഇ പി പ്രതികരിച്ചത്. എകെജി സെന്റര്‍ ആക്രമണം പൊലീസ് കൃത്യമായി അന്വേഷിക്കുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപിയുടെ മറുപടി. സുധാകരനെ പോലെ തരം താഴാന്‍ ഞാനില്ല. എനിക്ക് ബോംബുമായി ഒരു പരിചയവുമില്ല. നിര്‍മ്മിക്കാനും എറിയാനും അറിയില്ല’, ഇ പി ജയരാജന്‍ പറഞ്ഞു.
Post Your Comments