കണ്ണൂര്‍: എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടുമെന്ന് ഇ.പി ജയരാജൻ. ആക്രമണം കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ’ എന്നാണ് ജയരാജൻ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്. കട്ടവർക്ക് പിടിച്ച് നിൽക്കാനറിയാം എന്ന് നമുക്കറിയാമെന്നും ജയരാജന് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ശ്രീലേഖ നടത്തിയ വിവാദ പരാമര്‍ശം നിയമവിദഗ്ധര്‍ പരിശോധിക്കുമെന്നും, സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇ പി ജയരാജന് കൂട്ടിച്ചേര്‍ത്തു.
‘കക്കാന്‍ പഠിച്ചവന് ഞെയലാനുമറിയാം. എന്നെ വെടിവെച്ചത് സുധാകരന് ആണെന്ന് എപ്പോഴെങ്കിലും സമ്മതിച്ചിട്ടുണ്ടോ? സുധാകരനെ പോലെ തരം താഴാന്‍ ഞാനില്ല. എനിക്ക് ബോംബുമായി ഒരു പരിചയവുമില്ല. നിര്‍മ്മിക്കാനും എറിയാനും അറിയില്ല’, ഇ.പി ജയരാജന് പറഞ്ഞു. കെ സുധാകരന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മുന്‍ ഡി.ജി.പിയുടെ ആരോപണങ്ങള്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും കേരളം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുകയാണെന്നും ഇതില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കാര്‍ ഉചിതമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്, അതില്‍ പ്രത്യേകം എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നില്ല. നിയമ വിദഗ്ദര്‍ തന്നെ അത് പരിശോധിക്കുമെന്നാണ് ജയരാജൻ വ്യക്തമാക്കിയത്.
Post Your Comments