കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് വെളിപ്പെടുത്തിയ മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്ക്ക് നേരെ സോഷ്യൽ മീഡിയകളിലും ചാനൽ ചർച്ചകളിലുമായി പരസ്യ വിചാരണ നടക്കുകയാണ്. ശ്രീലേഖയെ മാധ്യമങ്ങളും ചില ഫെമിനിസ്റ്റുകളും ചേർന്ന് വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് അഡ്വ. സംഗീത ലക്ഷ്മണ. പൾസർ സുനിയിൽ നിന്ന് ആക്രമിക്കപ്പെട്ട നടിക്ക് ഉണ്ടായതിന് സമാനമായ അനുഭവം മറ്റ് ചില നടിമാർക്കും ഉണ്ടായിട്ടുണ്ടെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ കുറിച്ച് എന്തുകൊണ്ടാണ് ആർക്കും വ്യാകുലത ഇല്ലാത്തതെന്ന് അഡ്വ. സംഗീത ലക്ഷ്മണ ചോദിക്കുന്നു.
മാധ്യമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനമാണ് സംഗീത ഉയർത്തുന്നത്. എ.ഡി.ജി.പി പദവിയിൽ വിരമിച്ച ഒരു ഐ.പി.എസ് ഓഫീസർ അവരുടെ മുന്നിൽ കണ്ടതും നേരിട്ടറിവുള്ളതുമായ ചില വസ്തുതകൾ അവരുടെ സ്വന്തം യൂട്യൂബ് വഴി പങ്കുവെച്ചതിന് മുഖ്യധാരാ മാധ്യമങ്ങൾക്കും ചില ഫെമിനിച്ചികൾക്കും എന്തൊരു അസഹിഷ്ണുതയാണെന്ന് അഭിഭാഷക ചോദിക്കുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു അഭിഭാഷകയുടെ പ്രതികരണം.
Also Read:പത്തംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ദിലീപിനെ പരസ്യമായി അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്താൽ പൊതുജനശ്രദ്ധയും കൈയ്യടിയും കിട്ടും എന്ന് കരുതുന്നതും തലയിൽ മൂള എന്നൊന്നില്ലാത്തതുമായ ഊളകളുടെ അഭിപ്രായങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ കാർക്കിച്ചു തുപ്പി കളയുകയാണ് താനെന്ന് ഇവർ പറയുന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. ആസഫ് അലിയുടെയും, പിന്നെ അഡ്വ. പ്രിയദർശൻ തമ്പിയുടെയും പരസ്യ നിലപാടുകൾക്കെതിരെയും അഭിഭാഷക ശബ്ദമുയർത്തുന്നുണ്ട്. കഴിഞ്ഞ 5 വർഷക്കാലമായി നിയമപരമായി യാതൊരു അടിസ്ഥാനവും ഇല്ലാത്ത മാധ്യമവിചാരണ നടന്നപ്പോൾ ഇവരൊക്കെ എവിടെയായിരുന്നുവെന്ന് സംഗീത ചോദിക്കുന്നു.
അഭിഭാഷകർ വരെ ചാനൽ ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് കോടതികളെയും ന്യായാധിപരെയും പേരെടുത്തു പറഞ്ഞ് പരസ്യമായി അവഹേളിച്ചപ്പോൾ ഇല്ലാതിരുന്ന എന്ത് കോടതിയലക്ഷ്യമാണ് ശ്രീലേഖ ചെയ്തതെന്ന ചോദ്യമാണ് സംഗീത ലക്ഷ്മണ ഉയർത്തുന്നത്. ശ്രീലേഖ പറഞ്ഞ കാര്യങ്ങൾ കൂടി അന്വേഷണവിധേയമാക്കണം എന്നാണ് ഇവർ പറയുന്നത്.
‘ശ്രീലേഖ പറയുന്നുണ്ട്- പൾസർ സുനിയിൽ നിന്ന് ആക്രമിക്കപ്പെട്ട നടിക്ക് ഉണ്ടായതിന് സമാനമായ അക്രമണാനുഭവം മറ്റ് ചില നടിമാർക്കും ഉണ്ടായിട്ടുണ്ട് എന്ന് അവരോട് നേരിട്ട് ആ നടിമാർ പറഞ്ഞിട്ടുണ്ട് എന്ന്. എങ്കിൽ അതിനെ കുറിച്ച് എന്ത് കൊണ്ടാണ് ആർക്കും തന്നെ വ്യാകുലത ഇല്ലാത്തത്? മറ്റൊരു ഉദാഹരണം; ജയിൽ നിന്നുള്ള ഫോൺ വിളിയും കത്തും സംബന്ധിച്ച് ക്രിയാത്മകമായ, നിയമാനുസൃതമായ അന്വേഷണം നടന്നിട്ടില്ല എന്ന് ശ്രീലേഖ പറയുന്നുണ്ട്. സംഭവം നടന്ന കാലഘട്ടത്തിൽ ജയിൽ വകുപ്പ് മേധാവിയായിരുന്ന ഓഫീസർക്കല്ലാതെ മറ്റാർക്കാണ് അത്രമേൽ വിശ്വാസ്യതയോടെ ഇത് പറയാൻ സാധിക്കുക? ഇപ്പറഞ്ഞ കാര്യത്തിന് നേർവഴിക്ക് ഫലപ്രദമായി അന്വേഷണം നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ച ശേഷമാണോ പ്രിയദർശൻ തമ്പിയും ആസഫ് അലിയുമൊക്കെ വിദഗ്‌ധാഭിപ്രായം പടച്ചുവിടുന്നത്?’, സംഗീത ലക്ഷ്മണ ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments