കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ മുൻ ഡി.ജി.പി ആർ ശ്രീലേഖയ്ക്കെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്നെ പതിനെട്ടാമത്തെ വയസ്സിൽ കള്ള കേസിൽ കുടുക്കി ജയിലിലടച്ച മഹതിയാണ് ആർ. ശ്രീലേഖയെന്ന് ബിന്ദു അമ്മിണി ആരോപിക്കുന്നു. ശ്രീലേഖയെന്നാൽ സ്ത്രീ വിരുദ്ധതയാണെന്ന് ബിന്ദു പറയുന്നു. ദിലീപിന് വേണ്ടി ഇവർ നടത്തുന്ന ഇടപെടൽ യാദൃശ്ചികമെന്ന് കരുതുന്നില്ലെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടുന്നു.
‘എന്റെ പതിനെട്ടാമത്തെ വയസ്സിൽ എന്നെ കള്ള കേസിൽ കുടുക്കി ജയിലിലടച്ച മഹതി ആണ് ഈ ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധ. ദിലീപിന് വേണ്ടി ഇവർ നടത്തുന്ന ഇടപെടൽ യാദൃശ്ചികമെന്നു കരുതുന്നില്ല. കേസിന്റെ അന്വേഷണഘട്ടത്തിൽ ഉൾപ്പെട്ടിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവർ നടത്തിയിരിക്കുന്നത് തീർത്തും നീതിക്ക് നിരക്കാത്തത് ആണ്, നിയമ വിരുദ്ധം ആണ്. സർവിസിൽ നിന്നും വിരമിച്ചു എന്ന് കരുതി ഏതു ക്രിമിനലിനും ഒപ്പം ചേർന്നു പ്രവർത്തിക്കാം എന്ന് കരുതുന്നു എങ്കിൽ പെൻഷൻ ആനൂകൂല്യങ്ങൾ തിരികെ നൽകി ക്രിമിനലുകളുടെ കയ്യിൽ നിന്നും ശമ്പളം വാങ്ങുക. മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് എങ്കിലും മറക്കാതെ ഇരിക്കുക’, ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ചില വെളിപ്പെടുത്തലുകൾ നടത്തിയത്. ദിലീപിന് എതിരെ തെളിവില്ലെന്നും പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു ശ്രീലേഖ വെളിപ്പെടുത്തിയത്. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു.
Post Your Comments