ലഖ്‌നൗ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കൻവാർ യാത്രയ്ക്കായി നിശ്ചയിച്ചിട്ടുള്ള റൂട്ടുകളിൽ തുറസ്സായ സ്ഥലങ്ങളിൽ മാംസം വിൽക്കുന്നത് നിരോധിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രാദേശിക, ജില്ലാ, പോലീസ് ഭരണകൂടം ഇറച്ചി വ്യാപാരികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
ജൂലൈ 14 മുതൽ ആരംഭിക്കുന്ന കൻവാർ യാത്രയ്ക്ക് വിപുലമായ ഒരുക്കങ്ങൾ നടത്തിവരികയാണ്. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനാൽ 2020ലും 2021ലും യാത്ര നടത്തിയിരുന്നില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ നടന്ന യോഗത്തിൽ കൻവാർ യാത്രക്കാർ സഞ്ചരിച്ച റോഡുകൾ വൃത്തിയാക്കാൻ നിർദ്ദേശം നൽകിയിരുന്നു. അവയ്‌ക്കൊപ്പം തുറസ്സായ സ്ഥലത്ത് മാംസം വിൽക്കുന്നത് നിരോധിക്കാനും വെളിച്ചം, ശുചിത്വം, പ്രഥമശുശ്രൂഷ എന്നിവയ്‌ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം കൻവാർ യാത്ര സുരക്ഷിതമായും സമാധാനപരമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തര) അവനീഷ് അവസ്തി പറഞ്ഞു. യാത്രാവേളയിൽ റോഡരികിൽ മാസം കച്ചവടം ചെയ്യരുതെന്ന് വില്പനക്കാരോട് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. കൻവാർ യാത്രക്കാർ കടന്നുപോകുന്ന വഴിയിൽ ഇറച്ചി വിൽപന നടത്തരുതെന്ന് ഇറച്ചി വ്യാപാരികളോടും അഭ്യർത്ഥിച്ചതായി അദ്ദേഹം പറഞ്ഞു.
Post Your Comments