തിരുവനന്തപുരം: ഏറെ വിവാദങ്ങളും ചർച്ചകളും ഉണ്ടായ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം കത്തിച്ച കേസില്‍ സർക്കാർ അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീകത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നുമില്ല. ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
2018 ഒക്ടോബര്‍ 27നാണു സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ ആക്രമണമുണ്ടാവുന്നത്. ആശ്രമത്തിലെ രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. ആശ്രമത്തിന്റെ പോർച്ചും കത്തി. ആശ്രമത്തിന് മുന്നിൽ റീത്തും വെച്ചിരുന്നു. ശബരിമല വിവാദത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്. ശബരിമല സത്രീപ്രവേശന വിഷയത്തിലടക്കം സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിച്ചതിന് തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.
ഇതോടെ, സിപിഎമ്മും സർക്കാരും പ്രതികൾ ആർഎസ്എസ് തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആശ്രമത്തിലെ സിസിടിവി കേടായതിനാൽ ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. ആശ്രമത്തിന്‍റെ ആറ് കിലോമീറ്റർ പരിധിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. റീത്ത് വാങ്ങിയ കടയോ പെട്രോൾ വാങ്ങിയ പമ്പോ കണ്ടെത്താനുമായില്ല.
കേസ് പ്രത്യേക സംഘത്തെ ഏൽപിച്ചിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശിന്‍റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ദൃക്സാക്ഷി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും പൊലീസ് ഇത് പൂഴ്ത്തിയെന്ന ആരോപണവും ഇതിനിടെ ഉയർന്നു. സംഭവം നടന്ന് 3 കൊല്ലം പിന്നിടുമ്പോഴും പൊലീസ് ഈ രേഖാചിത്രം പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തിൽ വ്യക്തമായ തെളിവൊന്നും ലഭിച്ചില്ലെന്നതാണ് പൊലീസ് നൽകുന്ന വിശദീകരണം.
Post Your Comments