കൊല്ലം: ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. മണിയാറിൽ വാടകയ്ക്ക് താമിസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജു ഭവനിൽ മഞ്ജുവിന്റെ ഭർത്താവ് അച്ചൻകോവിൽ സ്വദേശിയായ മണികണ്ഠനാണ് പോലീസ് കസ്റ്റഡിയിലായത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
മഞ്ജുവിന്റെ കുടുംബവീടിന് സമീപത്താണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ മഞ്ജുവിന്റെ സഹോദരൻ പ്രമോദ് ഇവരുടെ വീട്ടിലെത്തിയിരുന്നു. മഞ്ജുവിനെ വിളിച്ചിട്ട് വിളി കേൾക്കാത്തതിനെ തുടർന്ന് അകത്തേക്ക് നോക്കിയപ്പോളാണ് ഹാളിൽ കട്ടിലിൽ മഞ്ജു പുതച്ചുമൂടി കിടക്കുന്നതു കണ്ടത്. തട്ടിവിളിച്ചിട്ടും പ്രതികരണം ഇല്ലായിരുന്നു. പിന്നാലെ അടുക്കളയിൽ നിന്ന് ഭർത്താവിനെ കണ്ടെത്തുകയായിരുന്നു. ഇരുകൈകളുടെയും ഞരമ്പുകൾ ചെറുതായി മുറിച്ച നിലയിലും കഴുത്തിൽ വയർ കുരുക്കിട്ട നിലയിൽ കയ്യിൽ കത്തിയുമായാണ് ഇയാളെ കണ്ടെത്തിയത്.
തുടർന്ന്, പ്രമോദ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി മഞ്ജുവിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലാക്കി.
പെയിന്റിങ് തൊഴിലാളിയായ മണികണ്ഠൻ മദ്യപിച്ചെത്തി ഭാര്യയെ സ്ഥിരമായി മർദിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം വൈകിട്ടും വീട്ടിൽ ബഹളം കേട്ടിരുന്നതായും സമീപവാസികൾ പറയുന്നു. പുനലൂർ പോലീസ് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മഞ്ജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മണികണ്ഠനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Post Your Comments