KeralaLatest News

ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍: ഒത്തുചേരലിന്റെ ആഘോഷത്തില്‍ വിശ്വാസികൾ

തിരുവനന്തപുരം: ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ബക്രീദ് ദിനത്തില്‍ വിശ്വാസികളുടെ പ്രധാന കര്‍മ്മം. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.

അതിന്‍റെ ഓര്‍മ്മയില്‍ മൃഗബലിയാണ് ബലിപെരുന്നാൾ ദിനത്തിന്‍റെ പ്രത്യേകത. സഹനത്തിന്‍റേയും ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുണ്യദിനം കൂടിയാണ് ബലിപെരുന്നാള്‍. രാവിലെ പെരുന്നാള്‍ നമസ്കാരം. തുടര്‍ന്ന് സ്നേഹാശംസകള്‍ കൈമാറി ഊഷ്മളമായ വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് വിശ്വാസികൾ കടക്കും. പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധു വീടുകളിലെ സമാഗമങ്ങളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും.

ഈ ആഘോഷങ്ങള്‍ക്കിടയിലും ത്യാഗത്തിനും പരസ്പര സ്നേഹത്തിനും സഹാനുഭൂതിക്കും എല്ലാവരും ഊന്നല്‍ നല്‍കണമെന്ന വലിയ സന്ദേശമാണ് ലോകത്തോട് ബലിപെരുന്നാള്‍ ആഹ്വാനം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ വിശ്വാസികൾക്ക് ആശംസ നേർന്നു.

എല്ലാ വിശ്വാസികൾക്കും ഈസ്റ്റ് കോസ്റ്റ് കുടുംബത്തിന്റെ ബലിപെരുന്നാൾ ആശംസകൾ.. 

shortlink

Post Your Comments


Back to top button