മധ്യപ്രദേശ്: മൊറേനയിലെ തെരുവിൽ എട്ട് വയസ്സുള്ള ആൺകുട്ടി രണ്ട് വയസ്സുള്ള ഇളയ സഹോദരന്റെ മൃതദേഹവുമായി മണിക്കൂറുകളോളം ഇരിക്കുന്നത് കാഴ്ചക്കാരുടെ കരളലിയിച്ചു. കുഞ്ഞനിയന്റെ ജീവനറ്റ ശരീരത്തില് ഇരുകൈകളും വെച്ചിരിക്കുകയാണ് ആ എട്ട് വയസുകാരന്. ഈ സമയം, മകന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് തേടുകയായിരുന്നു കുട്ടികളുടെ പിതാവ് പൂജാറാം ജാതവ്. റോഡരികിൽ മൃതദേഹവുമായി കുട്ടി ഇരിക്കുന്നത് കണ്ട് വൻ ജനക്കൂട്ടം തടിച്ചുകൂടി. തുടർന്ന് ജനങ്ങൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
അംബയിലെ ബദ്ഫ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. പൂജാറാം ജാതവിന്റെ രണ്ട് വയസ്സുള്ള മകൻ രാജയുടെ ആരോഗ്യനില പെട്ടെന്ന് വഷളായി. തുടക്കത്തിൽ, ജാതവ് തന്റെ മകനെ വീട്ടിൽ സുഖപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ, വയറുവേദന അസഹനീയമായപ്പോൾ പിതാവ് മൂത്തമകൻ ഗുൽഷനോടൊപ്പം രാജയെ മൊറേന ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം, മൊറേന ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രാജ മരിച്ചു. ദരിദ്രനും നിസ്സഹായനുമായ പൂജാറാം, മകന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഏർപ്പെടുത്തണമെന്ന് ആശുപത്രി അധികൃതരോട് അപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ അപേക്ഷ അധികൃതർ നിരസിച്ചു.
ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന്, ഇയാൾ കുട്ടിയുടെ മൃതദേഹവുമായി ആശുപത്രിയിൽ നിന്ന് ഇറങ്ങി റോഡിൽ ഇരുന്നു. മറ്റൊരു വാഹനത്തിന് നൽകാനുള്ള പണം അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. മറ്റ് വഴികളൊന്നുമില്ലാതെ, പൂജാറാം ജാതവ്, മൂത്തമകൻ ഗുൽഷനെ രാജയുടെ മൃതദേഹം ഏൽപ്പിച്ച് വാഹനം അന്വേഷിച്ച് പോയി.
കയ്യിലെ സ്വർണ്ണവള ഊരി നൽകി മന്ത്രി ബിന്ദു: യുവാവിന് മന്ത്രിയുടെ സഹായം
അച്ഛൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ മരിച്ചുപോയ സഹോദരന്റെ തല മടിയിൽ വെച്ച് ഗുൽഷൻ മണിക്കൂറുകളോളം അവിടെ ഇരുന്നു. പിന്നീട്, ജനക്കൂട്ടത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, പോലീസ് ഉദ്യോഗസ്ഥർ ആംബുലൻസ് ക്രമീകരിച്ച് നൽകുകയായിരുന്നു. അതേസമയം, തങ്ങൾ ആംബുലൻസിനുള്ള ക്രമീകരണങ്ങൾ ചെയ്തപ്പോഴേക്കും, കുട്ടിയുടെ പിതാവ് മൃതദേഹവുമായി പോയതായി മൊറേന സിവിൽ സർജൻ വിനോദ് ഗുപ്ത പറഞ്ഞു.
Post Your Comments