Latest NewsNewsInternational

ഷിൻസോ ആബേയുടെ മരണം: കൊലയാളിയെ ‘ഹീറോ’ ആക്കി ചൈന, ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷം

ന്യൂഡൽഹി: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയുടെ കൊലപാതകത്തിൽ ചൈന സന്തോഷത്തിലെന്ന് റിപ്പോർട്ട്. ഷിൻസോയുടെ കൊലപാതകത്തിന് പിന്നാലെ, സോഷ്യൽ മീഡിയയിലെ ചൈനീസ് ദേശീയവാദികൾ ‘ഓപ്പൺ ഷാംപെയ്ൻ’ ഉൾപ്പെടെയുള്ള വാക്യങ്ങൾ ഉപയോഗിച്ചു. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലെ സ്ഥാനാർത്ഥിയെ പിന്തുണച്ച് പ്രചാരണ പ്രസംഗം നടത്തുന്നതിനിടെ വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ട ജപ്പാന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ മരണം ആഘോഷിക്കുകയാണ് ചൈനീസ് ദേശീയവാദികളെന്ന് റിപ്പോർട്ട്.

ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അംഗവും ദേശീയ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ കെയ് സാറ്റോയ്ക്ക് വേണ്ടി പ്രചാരണ പ്രസംഗം നടത്തുന്നതിനിടെയാണ് ആബേയ്ക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞില്ല. ചൈനയിൽ വളരെയധികം ജാപ്പനീസ് വിരുദ്ധ വികാരമുണ്ട്. അവയിൽ ചിലത് ദേശീയ സംഘർഷങ്ങളിലും മുൻ യുദ്ധങ്ങളിലും വേരൂന്നിയതാണ്. ഉദാഹരണത്തിന്, 1937-നും 1945-നും ഇടയിൽ ജപ്പാനെതിരായ രണ്ടാം ചൈന-ജാപ്പനീസ് യുദ്ധത്തിലൂടെ ചൈനയെ നയിച്ചത് ഒരു ചൈനീസ് ദേശീയവാദ ഗവൺമെന്റാണ്. ആ പോരാട്ടത്തിൽ നടന്ന യുദ്ധക്കുറ്റങ്ങൾക്കും ചൈനയുടെ ഭൂപ്രദേശം പിടിച്ചടക്കിയതിനും പല ചൈനക്കാർക്കും ജപ്പാനോട് ഇപ്പോഴും കടുത്ത അമർഷം ഉണ്ട് എന്നതാണ് വസ്തുത.

ചില ചൈനീസ് ദേശീയവാദികൾ ആബേയുടെ മരണം ആഘോഷിക്കുകയാണെന്ന് ചൈനീസ് കലാകാരനും ആക്ടിവിസ്റ്റുമായ ബദിയുക്കാവോ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. മറ്റ് ചൈനീസ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ, ദേശീയവാദികൾ എന്ന് പറയപ്പെടുന്നവർ, ആബേയുടെ കൊലപാതകത്തെ പരിഹസിച്ചുകൊണ്ട് മീമുകൾ പോസ്റ്റുചെയ്യുന്നുണ്ട്.

‘വെയ്‌ബോയിലെ ചൈനീസ് ദേശീയവാദികൾ ഇന്ന് പ്രചാരണത്തിനിടെ ജപ്പാന്റെ മുൻ പ്രധാനമന്ത്രി ആബേ വെടിയേറ്റ് മരിച്ചുവെന്ന് പറഞ്ഞ് ആഘോഷിക്കാൻ തുടങ്ങി. അവർ കൊലയാളിയെ ‘ഹീറോ’ എന്ന് വിളിക്കുകയും ആബേയ്ക്ക് മരണ ആശംസകൾ അയക്കുകയും ചെയ്തു’, ബദിയുക്കാവോ ട്വീറ്റ് ചെയ്തു.

ചൈനയിലെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വീചാറ്റിൽ നിന്നുള്ള ഒരു പോസ്റ്റ് ആർട്ടിസ്റ്റ് ഉദ്ധരിച്ചു. ‘ഇത് നിലവിലെ ജാപ്പനീസ് പ്രധാനമന്ത്രിയാണ് (വെടിയേറ്റു)… കൂടാതെ കൊറിയൻ പ്രധാനമന്ത്രിയും ആണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, ഇങ്ങനെയായിരുന്നു വൈറലായ ആ പോസ്റ്റ്.

ആക്ടിവിസ്റ്റിന്റെ പോസ്റ്റുകൾ പ്രകാരം, പ്ലാറ്റ്‌ഫോമിലെ മറ്റുള്ളവർ ആബേയുടെ മരണം ആഘോഷിക്കാൻ കൂടുതൽ ചോറ് കഴിക്കുന്നതിനെക്കുറിച്ച് തമാശ പറഞ്ഞുവത്രേ. ആബേ മരിച്ചതറിഞ്ഞ് നിരവധി ചൈനീസ് പൗരന്മാർ ആഘോഷത്തിന് തയ്യാറെടുത്തു. അവർ ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷിച്ചു.

ഷിൻസോ ആബേയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ചൈനയിൽ നിന്നും ഉയർന്ന പോസ്റ്റുകൾ

‘ഞാൻ ആബേയുടെ മരണത്തിനായി കാത്തിരിക്കുകയാണ്’, ‘ആക്രമി ആരാണ്? അയാൾക്ക് പണം സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’.

‘നന്ദി ജപ്പാൻ വിരുദ്ധ നായകൻ, ഞാൻ വളരെ സന്തോഷവാനാണ്’.

ചൈനയുടെ യുട്യൂബിന് തുല്യമായ ബില്ലിബില്ലിയിൽ, ആബേയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഒരു വീഡിയോയിൽ ഒരാൾ ‘വലിയ സന്തോഷം നൽകുന്ന വാർത്ത’ എന്നെഴുതി.

അതേസമയം, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, റഷ്യ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള ലോകമെമ്പാടുമുള്ള ഉന്നത നേതാക്കളും രാഷ്ട്രീയക്കാരും ആബേയുടെ മരണത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച് രംഗത്തെത്തി. ജപ്പാന്റെ അടുത്ത അയൽരാജ്യമായ ചൈനയിൽ നിന്നുള്ള ഒരു ഉന്നത നേതാവും ഇതുവരെ ആബേയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചിട്ടില്ല എന്നത് ആശ്ചര്യകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button