ആലപ്പുഴ: ഭരണഘടനയെ അധിക്ഷേപിച്ച് കൊണ്ടുള്ള വിവാദ പ്രസംഗത്തിൽ കുരുങ്ങി മന്ത്രി സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്ന സജി ചെറിയാന് പകരം ആര് മന്ത്രിയാകുമെന്ന ചോദ്യമാണ് രാഷ്ട്രീയ കേരളം ഉയർത്തുന്നത്. സജി ചെറിയാന്റെ രാജി രണ്ടാം പിണറായി സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. സജി ചെറിയാന് പകരക്കാരനായി ആരാകും മന്ത്രിസഭയിലെത്തുക? പലരുടെയും പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്. മന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്ന് കേൾക്കുന്നത് മൂന്ന് പേരുകളാണ്. ആലപ്പുഴയിൽ നിന്ന് പി.പി ചിത്തരഞ്ജൻ, കൊല്ലത്ത് നിന്നും മുകേഷ്, കണ്ണൂരിൽ നിന്നും എ.എൻ ഷംസീർ എന്നിവരിൽ ആരെങ്കിലും ആകും പകരക്കാരനാകുക എന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച ചേരുന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗം ഈ കാര്യം ചർച്ച ചെയ്യും. സജി ചെറിയാൻ ഉൾപ്പെടെ ആറ് എം.എൽ.എമാരാണ് സി.പി.ഐ.എമ്മിന് ആലപ്പുഴ ജില്ലയിലുള്ളത്. അരൂർ അംഗം ദലീമ ജോജോ, ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്ജൻ, അമ്പലപ്പുഴയിൽ നിന്ന് എച്ച് സലാം, കായംകുളം എംഎൽഎ യു പ്രതിഭ, മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ എന്നിവർ.
അതേസമയം, വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ സജി ചെറിയാനെതിരെ പോലീസ് കേസെടുക്കാൻ സാധ്യത. ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. മുൻ മന്ത്രിക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് നിയമോപദേശം കൈക്കൊണ്ട ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാൻ എം.എൽ.എ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നാണ് കോൺഗ്രസ് പറയുന്നത്.
Post Your Comments