ഹരിപ്പാട്: ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ തകർന്ന ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചത്. ലോറി വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തേക്ക് എത്തിച്ചത്.
ദേശീയപാതയിൽ കരുവാറ്റ കടുവൻകുളങ്ങര ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. മൈസൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പഞ്ചസാരയുമായി വന്ന ലോറിയും തിരുവനന്തപുരത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഇൻസുലേറ്റഡ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
Read Also : സൗത്ത് ഇന്ത്യൻ ബാങ്കും വനംവകുപ്പും കൈകോർക്കുന്നു, മാറ്റങ്ങൾ ഇങ്ങനെ
കാലിന് ഗുരുതരമായി പരുക്കേറ്റ എഴുകോൺ സ്വദേശി പ്രസാദിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചസാരയുമായി വന്ന ലോറിയിലെ സഹായി മൈസൂർ സ്വദേശി ഗജേദ്ര റാവുവിനെയും പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് അംഗങ്ങളും നാട്ടുകാരും ഏറെനേരം പരിശ്രമിച്ചാണ് ഒന്നര മണിക്കൂറിന് ശേഷം ഇൻസുലേറ്റഡ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന്, ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
Post Your Comments