KeralaLatest NewsNews

താപസ ജീവിതം നയിച്ചിരുന്ന ഫിനഹാസ് റമ്പാന്‍ അന്തരിച്ചു

1934ല്‍ ചെറായി വാഴപ്പിള്ളില്‍ പത്രോസ് കോര്‍-എപ്പികോപ്പയുടെയും മണര്‍കാട് മാന്താറ്റില്‍ മറിയത്തിന്റെയും മകനായി ജനിച്ചു.

കൊച്ചി: താപസ ജീവിതം നയിച്ചിരുന്ന ഫിനഹാസ് റമ്പാന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലേക്കുരിശ് ദയറാധിപന്‍ കുര്യാക്കോസ് മോര്‍ ദിയസ്‌കോറോസ് അന്ത്യശുശ്രൂഷകള്‍ നല്‍കി. ഇന്നലെ, മലേക്കുരിശ് ദയറാ പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ബുധനാഴ്ച രാവിലെ ഏഴിന് കുര്‍ബാനയോടെ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ദയറായില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ ഭൗതിക ശരീരം സംസ്‌കരിക്കും.

1934ല്‍ ചെറായി വാഴപ്പിള്ളില്‍ പത്രോസ് കോര്‍-എപ്പികോപ്പയുടെയും മണര്‍കാട് മാന്താറ്റില്‍ മറിയത്തിന്റെയും മകനായി ജനിച്ചു. ജോസഫ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം മൂവാറ്റുപുഴയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

Read Also: ഇ-മാലിന്യ സംസ്‌കരണം: ഇതുവരെ തീർപ്പാക്കിയത് 4000 അപേക്ഷകളെന്ന് ദുബായ് മുൻസിപ്പാലിറ്റി

പൗലോസ് മോര്‍ പീലക്‌സിനോസിന്റെ അരമനയില്‍ സുറിയാനി പഠനം. 1967ല്‍ തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്താണ് സന്യാസ ജീവിതം തെരഞ്ഞെടുത്തത്. മുവാറ്റുപുഴ അരമനയിലും പിറമാടം ദയറിലും മഞ്ഞിനിക്കര ദയറയിലും കഴിഞ്ഞു. 1976ല്‍ മലേകുരിശിലെത്തി. പൗരസ്ത്യ കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമന്‍ ബാവ നിര്‍ബന്ധിച്ചിട്ടും പൗരോഹിത്യം സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ദയറിയില്‍ അധ്യാപകനായി തുടര്‍ന്നു.

shortlink

Post Your Comments


Back to top button