ഇടുക്കി: ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫാണ്(56) മരിച്ചിരുന്നത്. എന്നാൽ ജോസഫിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍. ഇടുക്കി ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽവെച്ച് കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൽപ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ചെമ്മാണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പള്ളിൽ രാജേന്ദ്രന്റെ വീട്ടിൽ കവർച്ച നടത്താനെത്തിയതായിരുന്നു ജോസഫ്. കവർച്ച നടത്തുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണര്‍ന്നു. തുടർന്ന് രാജേന്ദ്രനെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ച ശേഷം ജോസഫ് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് മൊഴി.
എന്നാൽ, ഓടി രക്ഷപ്പെട്ട ജോസഫിനെ അടുത്ത വീടിന്റെ മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്തുടർന്ന് എത്തിയ ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ഇതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാവാമെന്നാണ് പോലീസ് പറയുന്നത്.
Post Your Comments