CricketLatest NewsNewsSports

അശ്വിനെപ്പോലൊരു സ്പിന്നറെ ടീമില്‍ നിന്ന് ഒഴിവാക്കുക ബുദ്ധിമുട്ടായിരുന്നു: ദ്രാവിഡ്

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്താതിരുന്നതില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, അശ്വിനെ കളിപ്പിക്കാതിരുന്നതിനെ ന്യായീകരിച്ച് ദ്രാവിഡിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു. അശ്വിനെപ്പോലൊരു സ്പിന്നറെ ടീമില്‍ നിന്ന് ഒഴിവാക്കുക ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍, പിച്ച് പേസര്‍മാര്‍ക്കായിരുന്നു ആനുകൂല്യം നല്‍കിയിരുന്നതെന്നും മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു.

‘ഷര്‍ദ്ദുല്‍ താക്കൂർ മുന്‍ മത്സരങ്ങളിലെല്ലാം ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള ബൗളറാണ്. അശ്വിനെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പക്ഷെ, സാഹചര്യങ്ങളും ടീം കോംബിനേഷനും നോക്കി മാത്രമേ അന്തിമ ഇലവനെ തെരഞ്ഞെടുക്കാൻ കഴിയു. ബര്‍മിംഗ്ഹാമിലെ പിച്ച് ആദ്യ ദിനങ്ങളില്‍ പേസര്‍മാരെ തുണക്കുന്നതായിരുന്നു. പുല്ലുള്ള പിച്ചില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നായിരുന്നു പ്രതീക്ഷ’.

‘എന്നാല്‍, അഞ്ചാം ദിനം പോലും സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും പിച്ചിൽ നിന്ന് ലഭിച്ചിതുമില്ല. അത് ജാക് ലീച്ചായാലും രവീന്ദ്ര ജഡേജയായാലും ഒരുപോലെയായിരുന്നു. കാലാവസ്ഥയും നിര്‍ണായകമായി എന്നാണ് വിലയിരുത്തുന്നത്. കാരണം, മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പിച്ചില്‍ കാര്യമായി വെയില്‍ ലഭിക്കാഞ്ഞത് അവസാന ദിനം വിള്ളലുകള്‍ വീണ് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുന്നത് തടഞ്ഞു’.

Read Also:- ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ‘ഫൂട്ട് മസാജ്’

‘നാലാം ഇന്നിംഗ്സില്‍ രണ്ട് സ്പിന്നര്‍മാരുണ്ടെങ്കില്‍ കുറച്ചുകൂടി നന്നാവുമായിരുന്നു എന്നത് ശരിയാണ്. പക്ഷെ അപ്പോഴും കാര്യമായി ടേണില്ലായിരുന്നുവെന്നത് കാണാതിരുന്നുകൂടാ. മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെക്കാള്‍ മികച്ച ക്രിക്കറ്റാണ് കാഴ്ചവെച്ചത്. നാലാം ഇന്നിംഗ്സില്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ ഇന്ത്യക്ക് പന്തെറിയാമായിരുന്നു’ ദ്രാവിഡ് പറ‌ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button