കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ഒരു രാത്രി കഴിഞ്ഞ അജ്ഞാതനെ പോലീസ് പിടികൂടിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഈ വീട്ടിൽ ഒരു രാത്രി താമസിച്ച പ്രതിക്ക് പറയാനുള്ളത് മറ്റൊന്നാണ്. മമതയുടെ വസതി കണ്ടപ്പോൾ കൊൽക്കത്ത പോലീസ് ഹെഡ് ക്വാർട്ടേഴ്‌സാണെന്ന് കരുതിയാണ് താൻ അവിടെ ഒളിച്ച് താമസിച്ചതെന്നാണ് പ്രതിയുടെ മൊഴി.
മതിൽ ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് മമതയുടെ വീട്ടിൽ ഒരു രാത്രി മുഴുവൻ താമസിച്ച ഹഫീസുള്ള മൊല്ലയാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ മുഖ്യമന്ത്രിയുടെ വസതിയിലെ ഒളിതാമസത്തെക്കുറിച്ച് വിശദീകരിച്ചത്. നോർത്ത് 24 പർഗനാസിലെ ഹഷ്‌നാബാദ് സ്വദേശിയാണ് ഇയാൾ. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഇയാൾ കാളിഘട്ട് ഏരിയയിലെ 34 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള മമതാ ബാനർജിയുടെ സ്വകാര്യ വസതിയിൽ ഒളിച്ചു കടന്നത്. ഒരു രാത്രിയ്‌ക്ക് ശേഷം ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി.
തുടർന്ന്, നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. മമതയുടെ വീട്ടിൽ എത്തുന്നതിന് മുൻപ് ഇയാൾ എവിടെയൊക്കെ പോയി എന്നത് സംബന്ധിച്ച് മാപ്പ് തയ്യാറാക്കി വരികയാണെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയെ, ലാൽബസാറിലെ കൊൽക്കത്ത പോലീസ് ആസ്ഥാനമായി തെറ്റിദ്ധരിച്ചാണ് അകത്ത് പ്രവേശിച്ചത് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു.
എന്നാൽ, പോലീസ് ആസ്ഥാനത്തേക്ക് പോകാനുള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോൾ പ്രതി കൃത്യമായ മറുപടി നൽകിയില്ല. ആദ്യം ഒരു പഴം വിൽക്കുന്നയാളാണെന്ന് പറഞ്ഞ ഹഫീസുള്ള മൊല്ല പിന്നീട് ഡ്രൈവറാണെന്നും അവകാശപ്പെട്ടു. അതേസമയം നൂപുർ ശർമയ്‌ക്കെതിരെ മമത പ്രസ്താവന നടത്തിയ ശേഷമാണ് അജ്ഞാതൻ വീടിനുള്ളിൽ പ്രവേശിച്ചത്. ഇതിനു പിന്നിൽ ബിജെപിയെ പ്രതിസന്ധിയിലാക്കാനുള്ള എന്തെങ്കിലും ഗൂഢാലോചന ഉണ്ടാവും എന്നാണ് ബിജെപി വൃത്തങ്ങളുടെ ആരോപണം.
Post Your Comments