തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച സംഭവത്തിൽ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യം ശക്തമാണ്. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തു നിന്നും മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണ്ണർക്ക് ബിജെപി പരാതി നൽകുകയും ചെയ്തു. മന്ത്രിസ്ഥാനത്ത് ഇരിക്കാൻ കഴിയുന്നത് രാജ്യത്ത് ഭരണഘടന ഉള്ളതുകൊണ്ടാണെന്ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇന്ത്യൻ ഭരണഘടനയേയും നീതി പീഠത്തേയും പൊതുയോഗത്തിൽ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാൻ ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ പാടില്ല. ഭരണഘടനയെ തൊട്ട് അധികാരത്തിലേറിയ മന്ത്രിക്ക് ചെയ്ത തെറ്റിന്റെ ഗൗരവം തിരിച്ചറിയാനുള്ള വിവേകമില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണം. അല്ലാത്ത പക്ഷം ഗവർണ്ണർ ഭരണഘടനാ പരമായ കർത്തവ്യം നിർവ്വഹിക്കണം .
ജനങ്ങളെ കൊള്ളയടിക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് മന്ത്രി സജി ചെറിയാൻ ആരോപിച്ചിരിക്കുന്നത്.
ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് ഏതോ ഇന്ത്യക്കാരൻ എഴുതിയെടുത്തതാണ് നമ്മുടെ ഭരണഘടനയെന്നാണ് മറ്റൊരു പരിഹാസം.
ഭരണഘടനയുടെ ഉള്ളടക്കത്തേയും അതിന്റെ ശില്പിയേയും പറ്റിയുള്ള അജ്ഞതയാണ് ഈ അഭിപ്രായത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ഇത് ഭരണഘടനാ ശില്പി അംബേദ്കറെ അപമാനിക്കുന്ന പ്രസ്താവനയുമാണ്.
ഇതിനൊപ്പം ഇന്ത്യൻ നീതി പീഠത്തേയും മന്ത്രി വിമർശിച്ചു. ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗമായ മന്ത്രി ആ പദവിക്ക് നിരക്കാത്ത വ്യക്തിത്വമാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.
ഇങ്ങനെയൊരാൾ ഇനി മന്ത്രി പദവിയിൽ തുടരുന്നത് ജനാധിപത്യത്തിന് കളങ്കവുമാണ്. മന്ത്രിസ്ഥാനത്ത് ഇരിക്കാൻ കഴിയുന്നത് രാജ്യത്ത് ഭരണഘടന ഉള്ളതുകൊണ്ടാണ്. ഭരണഘടന നൽകിയ ഭരണഘടനാ പദവിയിൽ ഇരുന്നുകൊണ്ട് ഭരണഘടനയെ നിന്ദിക്കുന്നത് നന്ദികേട് മാത്രമല്ല രാജ്യദ്രോഹവുമാണ്. മല്ലപ്പള്ളിയിൽ നടന്ന രാജ്യദ്രോഹ പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യേണ്ടതാണ്.
Post Your Comments