കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി ഇന്ന് പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജുകൾക്ക് അവധി ബാധകമല്ല.
കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
കാസർഗോഡ് ഉൾപ്പെടെ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപ്പൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം എന്നും നിര്‍ദ്ദേശം ഉണ്ട്.
Post Your Comments