Latest NewsKeralaIndia

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് നാലാം വർഷത്തിലേക്ക്: പ്രതികളെ കണ്ടെത്താനാവാതെ പോലീസ്

തിരുവനന്തപുരം: നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാവാതെ പോലീസ്. ആദ്യം സിറ്റി പോലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു.

2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സംഭവം. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. സംഭവം വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ നേരിട്ട് സ്ഥലത്തെത്തി സംഭവത്തെ അപലപിച്ചിരുന്നു. അന്ന് ആർഎസ്എസ് ആണ് ഇതിനു പിന്നിലെന്നാണ് സർക്കാരും സന്ദീപാനന്ദഗിരിയും ഉൾപ്പെടെ ആരോപിച്ചിരുന്നത്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതിൽ സംഘപരിവാർ സംഘടനകളിൽനിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നായിരുന്നു ഇതിന് കണ്ടെത്തിയ ന്യായീകരണം.

അന്വേഷണത്തെ ആർഎസ്എസും ബിജെപിയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തിന് പിന്നിൽ സന്ദീപാനന്ദഗിരി തന്നെയാണെന്നാണ് സോഷ്യൽ മീഡിയ ഇപ്പോഴും ആരോപിക്കുന്നത്. ആശ്രമത്തിലെ സി.സി.ടി.വി. കേടായിരുന്നു. ആശ്രമത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയെങ്കിലും പുറത്തുവിട്ടില്ല. ഇത് പൂഴ്ത്തിയതാണെന്ന ആരോപണം ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button