മുംബൈ: രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്ന സംഭവത്തിനും ഉമേഷ് കോലിയുടെ കൊലയ്ക്കും സമാനതകള്‍ ഏറെയെന്ന് പൊലീസ് വിലയിരുത്തല്‍. ഇതോടെ, മഹാരാഷ്ട്രയില്‍ കെമിസ്റ്റ് കഴുത്തറുത്തു കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ്, എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചു. സമൂഹ മാധ്യമ പോസ്റ്റിന്റെ പേരില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവവുമായി ഉമേഷ് കോലിയുടെ മരണത്തിനു ബന്ധമുണ്ടെന്നാണ് ആരോപണം.
അമരാവതിയിലെ ബിജെപി നേതൃത്വമാണ് ഉമേഷിന്റെ മരണത്തില്‍ സംശയവും പരാതിയുമായി രംഗത്തെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്ന് എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
‘ഉമേഷിന്റെ മരണത്തിനു നൂപുര്‍ ശര്‍മ വിവാദവുമായി ബന്ധമുണ്ട്. പൊലീസിലെ ചിലരും അങ്ങനെ സംശയിക്കുന്നു. നൂപുര്‍ ശര്‍മയെ പിന്തുണച്ചതിനാണ് ഉമേഷിനെ കൊന്നതെന്നു പ്രതികള്‍ സമ്മതിച്ചെന്നാണു കേള്‍ക്കുന്നത്. പൊലീസ് ഇക്കാര്യം മറച്ചുവയ്ക്കുകയാണ്.’- അമരാവതിയിലെ ബിജെപി നേതാവ് തുഷാര്‍ ഭാരതീയ പറഞ്ഞു.
ജൂണ്‍ 21നാണ് വെറ്ററിനറി കെമിസ്റ്റായ ഉമേഷ് കോലി കൊല്ലപ്പെട്ടത്. അമരാവതിയിലെ തന്റെ ഷോപ്പില്‍നിന്നു മടങ്ങും വഴി, രാത്രി പത്തു മണിയോടെ, മോട്ടര്‍ സൈക്കിളില്‍ എത്തിയ രണ്ടുപേര്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നാണ് കേസ്. ഇയാളുടെ ഭാര്യയും മകനും മറ്റൊരു വാഹനത്തില്‍ പിന്നാലെയുണ്ടായിരുന്നു.
കേസില്‍ 6 പേര്‍ അറസ്റ്റിലായി. കൊല്ലാനുപയോഗിച്ച കത്തിയും സംഭവത്തിന്റെ സിസിടിവി ദൃശ്യവും കണ്ടെടുത്തു. നൂപുര്‍ ശര്‍മയെ അനുകൂലിച്ചു പോസ്റ്റിട്ടതിനാണു കൊലപാതകമെന്നു പ്രതികള്‍ സമ്മതിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിക്രം സാലി പറഞ്ഞു.
Post Your Comments