
മുംബെെ: ആദായനികുതി വകുപ്പിനെ പരിഹസിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പ്രേമലേഖനം കെെപറ്റിയെന്ന് പരിഹസിച്ചാണ് പവാർ രംഗത്തെത്തിയത്. മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്ത ദിവസം നടന്ന സംഭവത്തെക്കുറിച്ചാണ് പവാർ ട്വിറ്ററിലൂടെ പ്രതികരിച്ചത്. 2004, 2009, 2014, 2020 തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുമായി ബന്ധപ്പെട്ടാണ് പവാറിന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്.
‘ആദായ വകുപ്പിന്റെ കാര്യക്ഷമതയിൽ നല്ലരീതിയിലുള്ള വർധനവുണ്ടായിട്ടുണ്ട്. ഏജൻസി ‘ചിലരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. വിവരങ്ങൾ ശേഖരിക്കുന്നതിന് ഇത്രയും വർഷങ്ങൾ എടുക്കുക, ചില ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക എന്നിവ തന്ത്രപരമായ മാറ്റമായി തോന്നുന്നു’- മറാത്തി ഭാഷയിൽ പവാർ ട്വിറ്ററിൽ പരിഹസിച്ചു.
അതേസമയം, രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിലവിലെ പ്രതിപക്ഷ നേതാവുകൂടിയായ ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരിക്കെയാണ് ഷിൻഡെയെ മുഖ്യനാക്കിയുള്ള അപ്രതീക്ഷിത പ്രഖ്യാപനം. ഷിൻഡെക്കൊപ്പം ഗവർണർ ഭഗത് സിങ് കോശിയാരിയെ കണ്ട് ബി.ജെ.പിയുടെ 106 പേരുടെയും 39 വിമതരുടെയും സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 16 എം.എൽ.എമാരുടെയും പിന്തുണ കത്ത് നൽകിയതിനു പിന്നാലെയാണ് ഷിൻഡെയെ മുഖ്യമന്ത്രിയായി ഫഡ്നാവിസ് തന്നെ പ്രഖ്യാപിച്ചത്.
Post Your Comments