തിരുവനന്തപുരം: കേരളത്തിന്റെ തനത് കലാ രൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനായി വർക്കലയിൽ നിർമ്മിച്ച രംഗകലാ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ രണ്ടിന് നടക്കുമെന്ന് രംഗകലാ കേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
വർക്കലയുടെ സമഗ്ര വികസനത്തിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ രൂപവത്ക്കരിച്ച വിഷൻ വർക്കല ഇൻഫ്രാ സ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപ്പറേഷൻ മുഖേനയാണ് മികച്ച സൗകര്യങ്ങളോടുകൂടി കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. വിനോദ സഞ്ചാര വകുപ്പിൽ നിന്ന് വിട്ടു കിട്ടിയ മൂന്നേക്കാൽ ഏക്കർ സ്ഥലത്ത് 13,000 ചതുരശ്ര അടിയിലാണ് കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. കൂത്തമ്പലം, കളരിത്തറ, ആംഫി തിയേറ്റർ, ആമ്പൽകുളം, ആനപ്പള്ള ചുറ്റുമതിൽ, കാവ്, 2,000 ചതുരശ്ര അടി വിസ്തീർണമുള്ള ചുവർ ചിത്രം തുടങ്ങിയവ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ കലാ സാംസ്‌കാരിക പൈതൃകങ്ങൾ പരിചയപ്പെടുന്നതിനും പ്രാചീനവും ആധുനികവുമായ സമൃദ്ധ സംസ്‌കൃതിയെ കുറിച്ച് പഠനം നടത്തുന്നതിനും കേന്ദ്രം സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന്, വേദിയിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ എം.ടി കൃഷ്ണയും സംഘവും സംഗീത കച്ചേരി നടത്തും. ശേഷം രാജശ്രീ വാര്യരുടെ നൃത്താവതരണവുമുണ്ടാകും. വർക്കല എം.എൽ.എ വി. ജോയി, രംഗകലാകേന്ദ്രം എക്‌സിക്യൂട്ടിവ് ഡയറക്ടർ വി. രാമചന്ദ്രൻ പോറ്റി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Post Your Comments