ന്യൂഡൽഹി: സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ രാജിവെച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനത്തിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. തിന്മ അടക്കിവാഴുമ്പോൾ, നാശം ആസന്നമാണെന്ന് കങ്കണ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തിന്മ നശിച്ച ശേഷം, ജീവിതത്തിന്റെ താമര വിരിയുമെന്ന് കങ്കണ കുറിച്ചു. ഇതിനുപിന്നാലെ, ഉദ്ധവ് താക്കറെയുടെ രാജിയെ കുറിച്ച് കങ്കണ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
‘1975ന് ശേഷം ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇത്. 1975ൽ രാഷ്ട്രീയക്കാരനായ ജെ.പി. നാരായൺ സിംഹാസനത്തെ വെല്ലുവിളിക്കുകയും സിംഹാസനങ്ങൾ താഴെ വീഴുകയും ചെയ്തു. 2020ൽ ജനാധിപത്യം ഒരു വിശ്വാസമാണെന്ന് ഞാൻ പറഞ്ഞിരുന്നു. രാഷ്ട്രീയത്തിന്റെ അഹങ്കാരത്തിൽ ഈ വിശ്വാസം തകർക്കുന്ന ആരായിരുന്നാലും, അവർ ഇല്ലാതാക്കുന്നത് സ്വന്തം അഭിമാനം ആണെന്ന് ഉറപ്പാണ്. ഇത് ഒരു പ്രത്യേക വ്യക്തിത്വത്തിന്റെ ശക്തിയല്ല. ഇത് ഒരു യഥാർത്ഥ സ്വഭാവത്തിന്റെ ശക്തിയാണ്. ഹനുമാൻ ശിവന്റെ 12-ാമത്തെ അവതാരമാണ്. ശിവസേന തന്നെ ഹനുമാൻ ചാലിസ നിരോധിക്കുമ്പോൾ ശിവന് പോലും അവരെ രക്ഷിക്കാൻ കഴിയില്ല. ഹർ ഹർ മഹാദേവ്. ജയ് ഹിന്ദ്. ജയ് മഹാരാഷ്ട്ര’, കങ്കണ വീഡിയോയിൽ പറയുന്നു.
Also Read:‘എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്’: ഭർത്താവിനെ കുറിച്ച് മുൻപ് മീന പറഞ്ഞത്
ഇതിനു മുൻപും കങ്കണ ഉദ്ധവ് താക്കറെയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. 2020ൽ ഉദ്ധവ് താക്കറെയെ ‘സ്വജനപക്ഷപാതത്തിന്റെ ഏറ്റവും മോശം ഉൽപ്പന്നം’ എന്നായിരുന്നു കങ്കണ വിശേഷിപ്പിച്ചത്. ‘മുഖ്യമന്ത്രിയായ നിങ്ങൾ സ്വയം ലജ്ജിക്കണം, ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നിങ്ങൾ നിസ്സാര വഴക്കുകളിൽ ഏർപ്പെടുന്നു. നിങ്ങളുടെ അധികാരം ഉപയോഗിച്ച് അല്ലാത്ത ആളുകളെ അപമാനിക്കാനും അവർക്ക് നാശമുണ്ടാക്കാനും നിങ്ങൾ ശ്രമിക്കുന്നു. വൃത്തികെട്ട രാഷ്ട്രീയം കളിച്ച് നിങ്ങൾ നേടിയ കസേര നിങ്ങൾ അർഹിക്കുന്നില്ല. ലജ്ജ തോന്നുന്നു’, എന്നായിരുന്നു മുൻപൊരിക്കൽ കങ്കണ ട്വീറ്റ് ചെയ്തത്.
ബുധനാഴ്ചയാണ് ഉദ്ധവ് താക്കറെ രാജിവെച്ചത്. ഗവർണർ രാജി സ്വീകരിക്കുകയും മറ്റൊരു ക്രമീകരണം ഉണ്ടാകുന്നത് വരെ മുഖ്യമന്ത്രിയായി തുടരാൻ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെടുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭയിൽ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് താക്കറെ രാജി പ്രഖ്യാപനം നടത്തിയത്.
‘എന്നെ പിന്തുണച്ച എൻ.സി.പി, കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണ്. ഔറംഗബാദിനെ സംഭാജി നഗറെന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയതിൽ ഞാൻ തൃപ്തനാണ്. ബാലാസാഹേബ് താക്കറെ നിർദ്ദേശിച്ച പേരുകളാണിത്. അധികാരത്തിൽ കടിച്ചു തൂങ്ങുന്ന ആളല്ല ഞാൻ. സഭയിലെ അംഗബലമല്ല കാര്യം. ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് എനിക്കു സഹിക്കാനാകില്ല. ഞാൻ നിലകൊണ്ടത് മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ്,’ ഉദ്ധവ് താക്കറെ വ്യക്തമാക്കി.
View this post on Instagram
Post Your Comments