മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിയിലേക്കെന്ന് സൂചന. നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നേടണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ശിവസേന സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി എതിരായാല്‍ രാജിവച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്വാസവോട്ടെടുപ്പിൽ സുപ്രീം കോടതിയിൽ വാദം ആരംഭിച്ചതിന് ശേഷം ചേര്‍ന്ന മന്ത്രിസഭായോഗം എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഉദ്ധവ് താക്കറെ അവസാനിപ്പിച്ചത്.
നിര്‍ണായക ഘട്ടത്തിൽ തനിക്കൊപ്പം നിന്ന എൻസിപിക്കും കോണ്‍ഗ്രസിനും ഉദ്ധവ് നന്ദി പറഞ്ഞു. പക്ഷേ സ്വന്തം പാര്‍ട്ടിയിൽ നിന്നും തനിക്ക് കുത്തേറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ രണ്ടര വര്‍ഷം മൂന്ന് പാർട്ടികളും ചേര്‍ന്ന് നല്ല രീതിയിൽ പ്രവർത്തിച്ചുവെന്ന് കൂടി പറഞ്ഞാണ് ഉദ്ധവ് താക്കറെ യോഗം അവസാനിപ്പിച്ചത്. അതേസമയം, ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങളെടുത്തു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകള്‍ മാറ്റാന്‍ തീരുമാനമായി. ഔറംഗബാദിനെ ഇനി മുതല്‍ ‘സംഭാജിനഗര്‍’ എന്നും ഉസ്മാനാബാദിനെ ‘ധാരാശിവ്’ എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. പണി പൂര്‍ത്തിയാകുന്ന നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പ്രദേശിക നേതാവ് ഡിബി പാട്ടീലിന്റെ പേര് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
മഹാ അഖാഡി സഖ്യത്തിൽ ചേര്‍ന്നതോടെ ശിവസേനയുടെ തീവ്രഹിന്ദുത്വം നഷ്ടപ്പെട്ടെന്ന് വിമതര്‍ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് നിര്‍ണായക മന്ത്രിസഭായോഗത്തിൽ സ്ഥലപ്പേരുകൾ മുഖ്യഅജൻഡയാക്കി താക്കറെ കൊണ്ടുവന്നത്.
Post Your Comments