തിരുവനന്തപുരം: തനിക്കെതിരായ കെ.ബി. ഗണേഷ്കുമാറിന്റെ പ്രസ്താവന അസംബന്ധമെന്ന് ഷമ്മി തിലകന്‍. തനിക്കെതിരെ അയല്‍പക്കക്കാരും പൊലീസും പരാതി പറഞ്ഞുവെന്നത് അസംബന്ധമാണ്. ഇതിന് പിന്നില്‍ ഗണേഷ്കുമാറിന്റെ ബന്ധുവായ ഡിവൈഎസ്പി ആണെന്നും അദ്ദേഹം കൊല്ലത്ത് ആരോപിച്ചു. തന്റെ അച്ഛന്‍ തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേശ് കുമാറെന്ന് ഷമ്മി തിലകന്‍ ആരോപിച്ചു. അച്ഛന്‍ എഴുകോണില്‍ പ്രസംഗിക്കാന്‍ പോയപ്പോള്‍ ഗുണ്ടകളെ വിട്ട് തല്ലിക്കാന്‍ ശ്രമിച്ചയാളാണ് ഗണേശ് കുമാര്‍. അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങള്‍ എന്ന് മുന്‍പ് പറഞ്ഞതും ഗണേശ് കുമാറാണ്’ – ഷമ്മി തിലകന്‍ പറഞ്ഞു.
വിനയന്റെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണം മുകേഷാണ്. തമാശരൂപേണ മുകേഷ് എന്നെ ഭീഷണിപ്പെടുത്തി. മുകേഷും ഇന്നസെന്റും എന്നോട് ആ ചിത്രത്തില്‍ അഭിനയിക്കേണ്ട, അഡ്വാന്‍സ് തിരിച്ചുകൊടുത്തേക്ക് എന്ന് പറഞ്ഞു. അങ്ങിനെയാണ് ഈ സിനിമയില്‍ നിന്ന് പിന്‍മാറിയതെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഗണേഷ് കുമാര്‍ തനിക്കെതിരെ നടത്തിയ പ്രസ്‌താവന അസംബന്ധമാണ്. എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഷമ്മി തിലകന്‍ ചോദിച്ചു.
‘അമ്മ മാഫിയ സംഘമെന്ന് പറഞ്ഞത് ഗണേശ് കുമാര്‍ തന്നെയാണ്. ഗണേശിന്റെ ബന്ധുവായ ഡി.വെെ.എസ്.പി കള്ളക്കേസുകള്‍ എടുക്കുന്നു. വോട്ട് നേടാന്‍ കെെനീട്ടം കൊടുത്തു. ഇലക്ഷന്‍ ഡിക്ലയര്‍ ചെയ്‌തതിന് ശേഷമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 25 പേര്‍ക്ക് കെെനീട്ടം പ്രഖ്യാപിച്ചു. തെറ്റല്ലേ അത്? അത് നിയമലംഘനമല്ലേ? അങ്ങനെയൊക്കെയാണ് ഇവരൊക്കെ കാലാകാലങ്ങളായി അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നത്. ഈ നക്കാപ്പിച്ച കൊടുക്കുന്നത് കൊണ്ടാണ് കയ്യടിച്ച് പാസാക്കുന്നത്. അയ്യായിരം രൂപ വച്ച് മാസം കിട്ടുകയല്ലേ. എനിക്കും തന്നു. എനിക്കതിനുള്ള പ്രായമായിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചുകൊടുത്തു.’
‘കെെനീട്ടമെന്ന പേരെ ഉള്ളു, പെന്‍ഷനായിട്ടാണ് തരുന്നത്. റിട്ടയര്‍മെന്റ് സ്‌കീം എന്നാണ് ഓഡിറ്റില്‍ പറഞ്ഞിരിക്കുന്നത്. കലാകാരന് റിട്ടയര്‍മെന്റ് ഉണ്ടോ? ഇത് തെറ്റല്ലേ, ഇതൊന്നും ഞാന്‍ പ്രശ്നമാക്കിയില്ല. ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തീരുമാനം ആകുന്നത് വരെ എന്നെ ഈ തുക വാങ്ങിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് പറഞ്ഞാണ് തിരിച്ചുകൊടുത്തത്. ലെറ്റര്‍ എഴുതിയാണ് കൊടുത്തത്. എല്ലാത്തിനും ഞാന്‍ മറുപടി നല്‍കുന്നുണ്ട്. ഞാന്‍ പെറ്റമ്മയെപ്പോലെയാണ് സംഘടനയെ സമീപിച്ചിട്ടുള്ളത്. ഞാന്‍ അവിഹിതത്തിലുണ്ടായ മകനാണോ എന്ന് പോലും തോന്നിപ്പോകുന്നു.’
‘അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരത്ത് തിരഞ്ഞെടുപ്പിന് മുന്‍പായി രണ്ട് സ്ത്രീകള്‍ക്ക് വീടുകള്‍ പണിത് നല്‍കി. അതെല്ലാമാണ് ഞാന്‍ ചോദിച്ചത്. ഗണേശ് കുമാര്‍ തന്നെയാണ് അമ്മയുടെ കെട്ടിടം ക്ലബ് പോലെയാണെന്ന ആശങ്ക പ്രകടിപ്പിച്ചത്. ഇവിടുത്തെ പല അംഗങ്ങളുടെയും ബാങ്ക് ബാലന്‍സ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി ‘ അമ്മ’ യ്ക്ക് ആറ് കോടിയുടെ കേസുണ്ട്. എന്തുകൊണ്ടാണ് ഇതൊന്നും ഗണേശ് കുമാര്‍ ചോദിക്കാത്തത്. ഞാന്‍ പലതും തുറന്ന് പറയും. എന്നെ ചൊറിയരുത്, മാന്തും, വെറുതെ അത് ചെയ്യിപ്പിക്കരുത്- ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
Post Your Comments