Latest NewsKeralaMollywoodNewsEntertainment

തിരക്കഥകളുടെ പെരുന്തച്ചൻ: ലോഹിതദാസ് വിട പറഞ്ഞിട്ട് പതിമൂന്നു വർഷം

അനിവാര്യമായ വിധി ഏറ്റുവാങ്ങുമ്പോഴും ഉള്ളിൽ കൊളുത്തി വലിക്കുന്ന ചില നോട്ടങ്ങൾ സമ്മാനിച്ച കഥാപാത്രങ്ങൾ

‘എനിക്കെല്ലാം നഷ്ടപ്പെടുകയാണ്..
നിന്നെയും നഷ്ടപ്പെടണം’……………. എല്ലാം നഷ്ടപ്പെട്ട് പ്രണയിനിയോട് യാത്ര പറഞ്ഞ് പിരിയുന്ന സേതുമാധവൻ. വിങ്ങലുകളെല്ലാം ഉള്ളിലടക്കി, വെള്ളം നനഞ്ഞ പാടവഴിയിലൂടെ ഏകനായി നടന്നു നീങ്ങുന്ന സേതുവിൻ്റെ ചിത്രം. മലയാളിയുടെ ഉള്ളിൽ സ്ഥിര പ്രതിഷ്ഠ നേടിയതാണ്.

‘ഞാനെഴുതിയ തിരക്കഥകളിൽ ഏറ്റവും എളുപ്പത്തിൽ എഴുതി പൂർത്തിയാക്കിയ തിരക്കഥ കിരീടത്തിന്റേതാണ്. തൃശൂർ രാമനിലയത്തിൽ ഇരുന്നാണ് അതെഴുതിയത്. ആ തിരക്കഥ മികച്ച ഒരു സിനിമയായി മാറുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എഴുതുമ്പോൾ എത്രമാത്രം ഇമോഷനാലാക്കുന്നുവോ അതനുസരിച്ച് പടം നന്നായിരിക്കും. എന്റെ കണ്ണ് എവിടെ നിറയുന്നുവോ അവിടെ പ്രേക്ഷകരുടെ കണ്ണും നിറയും’ – ലോഹിതദാസ്.

read also: ഷെയ്ഖ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതിന് പ്രധാനമന്ത്രി യുഎഇയിലെത്തി

പരാജയപ്പെടുന്ന നായകൻമാരുടെ ഹൃദയ വ്യഥകൾക്കൊപ്പം സഞ്ചരിച്ച് ,അവയെ പ്രേക്ഷകനു മുമ്പിലവതരിപ്പിച്ച എഴുത്തുകാരൻ, തിരക്കഥകളുടെ പെരുന്തച്ചൻ എ.കെ. ലോഹിതദാസ് വിട പറഞ്ഞിട്ട് ഇന്ന് പതിമൂന്ന് വർഷം. രണ്ടായിരത്തിയൊൻമ്പത് ജൂൺ ഇരുപത്തിയെട്ടിനായിരുന്നു ലോഹിതദാസ് ചലച്ചിത്ര പ്രേമികളെ നൊമ്പരപ്പെടുത്തിക്കൊണ്ട് വിടവാങ്ങിയത്.

പൊള്ളുന്ന ജീവിത പരിസരങ്ങളിൽ നിന്നും താൻ കണ്ടെടുത്ത അനുഭവങ്ങളായിരുന്നു ലോഹിതദാസ് അഭ്രപാളികളിൽ കോറിയിട്ട തിരക്കഥകൾ.  മലയാള  സിനിമ തറവാട്ടു മഹിമയിൽ , ബഹിഷ്കൃതരെന്ന് കരുതിയിരുന്ന വേട്ടക്കാരനും വേശ്യയും മുക്കുവനും ലോറിക്കാരനും റൗഡിയും ആശാരിയും മൂശാരിയും വാച്ച് റിപ്പയററുമെല്ലാം വെന്തുരുകുന്ന അവരുടെ ജീവിതവുമായി ലോഹിയുടെ തൂലികയിൽ നിന്നും പിറന്നു വീണപ്പോൾ മലയാളി ഇരുകയ്യും നീട്ടി അവയെല്ലാം ഹൃദയത്തിൽ സ്വീകരിച്ചു ബാലൻ മാഷ് ,സേതുമാധവൻ , രാജീവ് മേനോൻ ,ഗോപി ,ആൻറണി ,മേലേടത്ത് രാഘവൻ നായർ ,വിദ്യാധരൻ ,വിശ്വനാഥൻ ,രവീന്ദ്രനാഥ് മേനോൻ ,ബാബു തുടങ്ങി മിഴിവോടെ കയറി വരുന്ന കഥാപാത്രങ്ങൾ. ഉള്ള് വിങ്ങുമ്പോഴും നനുത്ത ചിരിയുമായി പാതി നിറഞ്ഞ കണ്ണുകളുമായി എത്തിയവർ. നഗര കാപട്യങ്ങളോട് അകലം പാലിച്ചിരുന്ന, ഗ്രാമീണ നിഷ്കളങ്കത ഉള്ളിൽ നിറച്ച ലോഹിയുടെ ഓരോ കഥാപാത്രങ്ങളും മണ്ണിൽ കാലൂന്നീ ബന്ധങ്ങളുടെ കണ്ണികളിൽ കുരുക്കപ്പെട്ട സാധാരണക്കാരുടെ പ്രതിനിധികളായിരുന്നു.

‘ഏകാന്തമായ ബാല്യ കൗമാരങ്ങൾ, ഒരിറ്റ് സ്നേഹത്തിന് വേണ്ടി ദാഹിച്ച് ഞാനലഞ്ഞ ഊഷരഭൂമികൾ എന്നും അനുഭവിക്കാൻ വിധിക്കപ്പെട്ട അവഗണനകൾ, മാറ്റി നിർത്തലുകൾ, പരിഹാസങ്ങൾ, ഇടക്ക് കൂട്ടായി വന്ന വിഷാദരോഗം…’ ലോഹി തൻ്റെ ബാല്യകാല അനുഭവങ്ങൾ കുറിച്ചതിങ്ങനെയാണ്.

തീക്ഷ്ണമായ അനുഭവങ്ങളെ അതിലും തീക്ഷ്ണമായ ദൃശ്യാനുഭവങ്ങളായി സൃഷ്ടിച്ചെടുക്കുന്നതിൽ വിജയിച്ച അസാമാന്യ പ്രതിഭയായിരുന്നു ലോഹിതദാസ് എന്ന ലോഹി. ആയിരത്തിതൊള്ളായിരത്തി എൺമ്പത്തഞ്ചിൽ ‘സിന്ധു ശാന്തമായൊഴുകുന്നു ‘ എന്ന നാടകമാണ് ലോഹിതദാസ് എന്ന എഴുത്തുകാരൻ്റെ ശ്രദ്ധിക്കപ്പെട്ട ആദ്യ രചന. ആദ്യ നാടകവും, ആദ്യ തിരക്കഥ തനിയാവർത്തനവും, ആദ്യം സംവിധാനം ചെയ്ത ഭൂതകണ്ണാടിയും അദ്ദേഹത്തിന് പുരസ്കാരങ്ങൾ നേടികൊടുത്തു.

അനിവാര്യമായ വിധി ഏറ്റുവാങ്ങുമ്പോഴും ഉള്ളിൽ കൊളുത്തി വലിക്കുന്ന ചില നോട്ടങ്ങൾ സമ്മാനിച്ച കഥാപാത്രങ്ങൾ. അവരൊക്കെ അവശേഷിപ്പിച്ച ജീവിത ശകലങ്ങൾ ഇപ്പോഴും നമ്മുടെ ഉള്ളിൽ കൊളുത്തി വലിക്കുന്നുണ്ട്.

കൊട്ടക / തിയറ്റർ കാഴ്ചകളിൽ നിറഞ്ഞ കഥാപാത്രങ്ങൾ അവിടെ ത്തന്നെ കൊഴിഞ്ഞു വീഴാതെ നമ്മുടെയൊക്കെ ജീവിതത്തിനൊപ്പം വിടാതെ കൂടിയെങ്കിൽ അതിനു പിന്നിലൊരു പ്രതിഭയുണ്ട്. ലോഹിതദാസ് എന്ന പച്ചയായ മനുഷ്യൻ. തൻ്റെ മരണശേഷമേ തൻ്റെ എഴുത്തുകളും തിരിച്ചറിഞ്ഞ ,അത് പരസ്യമായി തുറന്നു പറഞ്ഞ ചലച്ചിത്രകാരൻ. തൻ്റെ കഥാപാത്രങ്ങൾ പോലെ തന്നെ താനും തിരസ്കൃതനാണെന്ന് വിളിച്ചു പറഞ്ഞ് നിന്ന ആ ചലച്ചിത്രകാരൻ നല്ല സിനിമയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയുടെയും സ്മൃതിപഥത്തിലുണ്ടാകും.

shortlink

Post Your Comments


Back to top button