മലപ്പുറം: മലപ്പുറം എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പുതിയ കാൻസർ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. ആരോഗ്യ മേഖലയിലെ പരിവർത്തനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും അത്തരമൊരു ആശയത്തിൽ നിന്നാണ് ആയുഷ്മാൻ ഭാരത് പദ്ധതി ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന എടപ്പാൾ നടുവട്ടം കേന്ദ്രമാക്കിയാണ് ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് പ്രവർത്തിക്കുന്നത്. കാൻസർ ചികിത്സാ രംഗത്ത് ദേശീയ തലത്തിൽ തന്നെ മികവുറ്റ സേവനം നടത്തുന്ന കാർക്കിനോസുമായി സഹകരിച്ചാണ് പുതിയ കാൻസർ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ കാൻസർ ചികിത്സാ മേഖലയിൽ പ്രശസ്തരായ അമേരിക്കയിലെ മായോ ക്ലിനിക്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരാണ് കാർക്കിനോസ്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ആരോഗ്യമേഖലയിൽ ഇന്ത്യയുടെ പരിവർത്തനം നടത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
26 ഏക്കറോളം സ്ഥലത്ത് 550 ബെഡ് കപ്പാസിറ്റിയോടെ ആധുനിക രീതിയിലാണ് ആശുപത്രിയുടെ പ്രവർത്തനം. അത്യാധുനിക ഉപകരണങ്ങളുള്ള പുതിയ കാൻസർ സെന്റർ മലബാറിലെ രോഗികൾക്ക് വലിയ ആശ്രയമാകുമെന്നും കുറഞ്ഞ ചിലവിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സ സാധാരണക്കാരിലേക്കെത്തുമെന്നും വി. മുരളീധരൻ പറഞ്ഞു. കേരളത്തിലെ പ്രശസ്തരായ കാൻസർ ചികിത്സാ വിദഗ്ധരെ ഉൾപ്പെടുത്തിയ കാർക്കിനോസിന്റെ ലെവൽ ടു നിലവാരത്തിലുള്ള കാൻസർ സെന്ററാണ് ശ്രീവത്സത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
Post Your Comments